റിപ്പബ്ലിക്ക് ദിന സംഘർഷങ്ങൾ നിർഭാഗ്യകരം എന്നതുകൊണ്ട് സമരം അവസാനിക്കുന്നില്ല, കർഷകരുടേത് നിലനിൽപ്പിന്റെ പ്രശ്‌നം: കെജ്‌രിവാൾ

കർഷകരെ അസന്തുഷ്ടരാക്കി കൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കില്ല..

Update: 2021-01-29 05:36 GMT
Advertising

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കർഷകർക്ക് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആറ് സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ഒമ്പതാമത് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കെജ്‌രിവാൾ.

"ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം തന്നെയാണ്. ഉത്തരവാദികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. വ്യാജ കേസുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തവരെയല്ല ഞാൻ ഉദ്ദേശിച്ചത്. ആരാണോ, ഏത് പാർട്ടിയാണോ ഇതിന്റെ യഥാർത്ത ഉത്തരവാദികൾ അവർക്കെതിരെ കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. സംഭവിച്ച കാര്യങ്ങൾ അപലപനീയം ആണ് എന്നതുകൊണ്ട് കർഷകരുടെ പ്രക്ഷോഭം അവസാനിക്കില്ല. കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്." കെജ്‌രിവാൾ പറഞ്ഞു.

കർഷകരെ അസന്തുഷ്ടരാക്കി കൊണ്ട് ഒരിക്കലും ഒരു രാജ്യത്തിന് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കില്ലായെന്ന് പറഞ്ഞ കെജ്‌രിവാൾ സാധനപരമായി കർഷക പ്രക്ഷോഭത്തെ പിന്തുണക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്ത് ആക്രമണം അഴിച്ചുവിട്ടു എന്ന തരത്തിൽ കർഷകർക്കെതിരെ ബി.ജെ.പി അനുകൂല കേന്ദ്രങ്ങൾ നടത്തുന്ന ക്യാമ്പയിൻ സജീവമാകുന്ന പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പ്രതികരണം. റിപ്പബ്ലിക്ക് ദിന സംഘർഷത്തെ അപലപിക്കുക പോലും ചെയ്യാതെ ഡൽഹി കത്തിയെരിയുന്നത് കാണാനാണ് കെജ്‌രിവാൾ ആഗ്രഹിക്കുന്നതെന്ന ആക്ഷേപവുമായി മുൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

Tags:    

Similar News