ഭരണം നിലനിര്‍ത്താനുറച്ച് ബി.ജെ.പി, സി.എ.എ നിയമം വോട്ടാക്കാനുറച്ച് കോണ്‍ഗ്രസ്; അസമിൽ ഇക്കുറി തീ പാറും

ഭരണത്തുടർച്ചക്കായി കേന്ദ്രമന്ത്രിമാരെ ഒന്നടങ്കം പ്രചാരണത്തിന് ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. പൗരത്വനിയമം, സർക്കാരിനെതിരായ വികാരം എന്നിവ വോട്ടാക്കി മാറ്റാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ

Update: 2021-03-18 02:25 GMT
Advertising

അസമിൽ ഇത്തവണ ഭരണം നിലനിർത്തുക ബി.ജെ.പിക്ക് അത്ര എളുപ്പമല്ല. 2016ൽ ഒപ്പമുണ്ടായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് കോൺഗ്രസിൽ ചേർന്നത് വലിയ തിരിച്ചടിയാണ്. ഭരണത്തുടർച്ചക്കായി കേന്ദ്രമന്ത്രിമാരെ ഒന്നടങ്കം പ്രചാരണത്തിന് ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. പൗരത്വനിയമം, സർക്കാരിനെതിരായ വികാരം എന്നിവ വോട്ടാക്കി മാറ്റാനാകുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. പതിനഞ്ച് വർഷം നീണ്ട കോൺഗ്രസ് ഭരണത്തെ അട്ടിമറിച്ച് 2016ലാണ് ബി.ജെ.പി അസമിൽ അധികാരത്തിലെത്തിയത്. 126 അംഗ നിയമസഭയിൽ ബി.ജെ.പി 60 സീറ്റിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി.

കോൺഗ്രസ് 26 സീറ്റും നേടി. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം തെരഞ്ഞെടുപ്പിലെ സമവാക്യങ്ങൾ ആകെ മാറി. കോൺഗ്രസ് , ബദ്റുദ്ദീൻ അജ്മലിന്‍റെ എ.ഐ.യു.ഡി.എഫ്, സിപിഎം, സിപിഐ, സി.പി.ഐ.എം.എൽ, അഞ്ചാലിക് ഗണമോർച്ച എന്നിവർ ചേർന്നുള്ള വിശാല സഖ്യം രൂപവത്കരിച്ചാണ് പ്രതിപക്ഷം പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എൻ.ഡി.എ സഖ്യത്തിലായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് ഇക്കുറി കോൺഗ്രസിനൊപ്പമാണ്. അസം ഗണപരിഷത്തും പീപ്പിൾസ് ലിബറൽ പാർട്ടിയും മാത്രമാണ് ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമുള്ളത്.

2016ലെ കണക്കുകൾ വെച്ച് ബി.ജെ.പി സഖ്യത്തിന് ഇപ്പോള്‍ 37.65 ശതമാനം വോട്ടാണ് ഉള്ളത്. എന്നാൽ ബി.റ്റി.സിയെ കൂടി ചേർത്താല്‍ മഹാസഖ്യത്തിന് എന്‍.ഡി.എയെക്കാള്‍ പത്ത് ശതമാനം അധികം വോട്ടുണ്ട്. ഈ കണക്കുകൾ ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

സി.എ.എ വിഷയം ചർച്ചയാക്കുന്ന കോണ്‍ഗ്രസ് 35 ശതമാനം വരുന്ന മുസ്‍ലിം വോട്ടുകൾ ഉറപ്പിച്ചിരിക്കുകയാണ്. കോവിഡ് കഴിഞ്ഞാൽ പൗരത്വനിയമം നടപ്പാക്കുമെന്ന് പ്രചരണ വേദികളില്‍ അമിത് ഷാ ആവർത്തിക്കുന്നു. സി.എ.എയെ കുറിച്ചുള്ള ആശങ്ക വോട്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയ ഹിന്ദു വോട്ടിലാണ് ബി.ജെ.പിയുടെ കണ്ണ്.

Tags:    

Similar News