ഗുജറാത്തിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി; മനപ്പൂർവം മാറ്റിനിർത്തുന്നുവെന്ന് വിമർശനം

തുറമുഖ വികസനത്തിനായി മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്തത്.

Update: 2024-05-06 03:03 GMT
Advertising

ഗാന്ധിനഗർ: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപണം. തുറമുഖ വികസനത്തിനായി കല്യാൺപൂർ താലൂക്കിലെ ഗന്ധ്‌വി വില്ലേജിൽ താമസിക്കുന്ന ഇവരുടെ വീടുകൾ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയിരുന്നു. ഇവർ ദ്വാരക നിയമസഭാ മണ്ഡലത്തിൽ വർഷങ്ങളായി വോട്ട് ചെയ്യുന്നവരാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. എന്നാൽ ഇവിടെയുള്ള 350 മത്സ്യത്തൊഴിലാളികൾക്ക് ഇത്തവണ വോട്ടവകാശമില്ല.

സമാനരീതിയിൽ നവദ്ര ഗ്രാമത്തിലും മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. വർഷങ്ങളായി ഇവരും ദ്വാരക അസംബ്ലി മണ്ഡലത്തിലെ വോട്ടർമാരാണ്. എന്നാൽ ഇത്തവണ ഇവിടെയുള്ള 225 മുസ്‌ലിംകളുടെ വോട്ടുകൾ പട്ടികയിൽനിന്ന് നീക്കി. ഇവരുടെ പേരുകൾ മറ്റൊരു മണ്ഡലത്തിലും വോട്ടർ പട്ടികയിൽ ചേർത്തിട്ടുമില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജികൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് വീടുകൾ പൊളിച്ചുനീക്കിയത്. വീടുകൾ പൊളിക്കുന്നതിന് തൊട്ടുമുമ്പാണ് കെട്ടിടം പൊളിക്കാൻ പോവുകയാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്. വീടുകളിൽനിന്ന് സാധനങ്ങൾ മാറ്റാനോ മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനോ സമയം നൽകാതെയാണ് വീടുകൾ പൊളിച്ചതെന്നും ഇവർ പറയുന്നു.

47-കാരനായ ജാക്കൂബ് മൂസ പട്ടേലിയ നവദ്ര ഗ്രാമത്തിലാണ് താമസിച്ചിരുന്നു. തുറമുഖ വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട അദ്ദേഹം ഇപ്പോൾ നേരത്തെ താമസിച്ച സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. വോട്ടർ ലിസ്റ്റിൽ തന്റെ പേരുണ്ടോ എന്ന് പരിശോധിക്കാൻ അദ്ദേഹം കഴിഞ്ഞ ദിവസം നവദ്രയിൽ പോയെങ്കിലും താലൂക്ക് അധികൃതർ അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. മെയ് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ജാക്കൂബ് മൂസയുടെ 20 അംഗ കുടുംബത്തിൽ ഒരാൾക്ക് പോലും ഇതുവരെ വോട്ടർ സ്ലിപ്പ് ലഭിച്ചിട്ടില്ല.

ബി.എൽ.ഒ ആയ സ്‌കൂൾ അധ്യാപകനെ സമീപിച്ചെങ്കിലും നവദ്രയിലെ താമസക്കാരല്ലാത്തവർക്ക് അവിടെ വോട്ട് ഉണ്ടാവില്ലെന്നാണ് പറഞ്ഞതെന്ന് മൂസ പറഞ്ഞു. വോട്ടർ ലിസ്റ്റിൽ പേരുണ്ടെങ്കിലും അവിടെ താമസക്കാരനല്ലാത്തതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും ബി.എൽ.ഒ വ്യക്തമാക്കിയതായി മൂസ പറഞ്ഞു. ഹർഷദ്, നവദ്ര, ഭോഗട്ട്, ഗാന്ധിവി ഗ്രാമങ്ങളിൽ കൂടുതലും മുസ്‌ലിം മത്സ്യത്തൊഴിലാളികളാണ് താമസിച്ചിരുന്നത്. ആസൂത്രിത നീക്കത്തിലൂടെയാണ് തങ്ങളെ കുടിയൊഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്‌ലിംകളാണ്. 2002ലെ കലാപത്തിന് ശേഷം മുസ്‌ലിംകളെ വലിയ രീതിയിൽ പാർശ്വവൽക്കരിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് മനപ്പൂർവം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടർ ലിസ്റ്റിൽനിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേർക്കാൻ പോയാൽ സ്ഥിരതാമസക്കാരല്ലാത്തതിനാൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് ബി.എൽ.ഒ പറയുന്നതെന്നും ജാക്കൂബ് മൂസ പറയുന്നു.

മറ്റൊരു മത്സ്യത്തൊഴിലാളിയായ ദാവൂദ് വോട്ടർ സ്ലിപ് വാങ്ങാനായി 120 കിലോമീറ്റർ സഞ്ചരിച്ചാണ് ഗാന്ധിവി ഗ്രാമത്തിലെത്തിയത്. എന്നാൽ പൊലീസുകാർ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തന്നെ തിരിച്ചയക്കാനാണ് ശ്രമിച്ചതെന്ന് ദാവൂദ് പറഞ്ഞു. തന്റെ രണ്ട് മക്കളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാൻ ആവശ്യപ്പെട്ടെങ്കിലും അവരുടെ രേഖകളെല്ലാം തകർക്കപ്പെട്ട വീടിന്റെ അഡ്രസിലായതിനാൽ വോട്ട് ചേർക്കാനായില്ലെന്നും ദാവൂദ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News