മലബാറിലെ സീറ്റ് പ്രതിസന്ധി; വിദ്യാർത്ഥികൾക്ക് പരാതിയില്ലെന്ന സർക്കാർ വാദം പച്ചനുണ: ഫ്രറ്റേണിറ്റി

വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഫ്രറ്റേണിറ്റി

Update: 2024-05-26 14:42 GMT
Advertising

തിരുവനന്തപുരം : വർഷങ്ങളായി മലബാറിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധിക്ക് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന സർക്കാർ വാദം വിദ്യാർത്ഥി വഞ്ചനയും മലബാറിനോടുള്ള വിവേചനവുമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ച് പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം എ.ആർ നഗറിലെ ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ സമർപ്പിച്ച ഹരജിയിൽ പ്രതിവാദമായാണ് സർക്കാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരാതിയില്ലെന്ന വാസ്തവ വിരുദ്ധമായ വാദം ഉന്നയിച്ചത്.

നിലവിൽ വിവിധ സാമൂഹിക - രാഷ്ട്രീയ സംഘടനകളും വിദ്യാർത്ഥികളും, രക്ഷിതാക്കളും സീറ്റ് പ്രശ്‌നത്തിൽ സർക്കാർ നയത്തിനെതിരെ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് സർക്കാറിന്റെ ഭാഗത്തുനിന്നു ഇത്തരം ഉണ്ടായിരിക്കുന്നത്.

വിദ്യാർത്ഥികളെ മുൻനിർത്തി പച്ചക്കള്ളം ഹൈക്കോടതിയിൽ ഉന്നയിച്ച സർക്കാർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം. എന്നാൽ സർക്കാരിന്റെ വാദം തള്ളിക്കൊണ്ട് പുതിയ ബാച്ചുകളുടെ ആവശ്യകത അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണ്.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് മലബാറിൽ നാൽപ്പതിനായിരത്തിന് മുകളിൽ വിദ്യാർഥികൾക്ക് ഈ വർഷം പ്ലസ് വൺ സീറ്റ് ലഭ്യമല്ല. പുതിയ ബാച്ചുകൾ അനുവദിച്ചുകൊണ്ട് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ നുണ ആവർത്തിച്ചു കൊണ്ടിരിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അധ്യക്ഷത വഹിച്ചു. അർച്ചന പ്രജിത്ത്, ആദിൽ അബ്ദുറഹീം, കെ.പി തഷ്രീഫ്, ഷമീമ സക്കീർ, പി.എച്ച് ലത്തീഫ്, സനൽ കുമാർ എന്നിവർ സംസാരിച്ചു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News