അപകടമുണ്ടാക്കിയ പോർഷെ, 17കാരന് ലഭിച്ച പിറന്നാൾ സമ്മാനം!

മുത്തച്ഛൻ സുരേന്ദ്ര അഗർവാളാണ് പോര്‍ഷെ ടെയാകാന്‍ കാര്‍ സമ്മാനമായി നല്‍കിയത്.

Update: 2024-05-26 08:32 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: പൂനെയില്‍ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ആഡംബര കാര്‍ 17കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. മുത്തച്ഛൻ സുരേന്ദ്ര അഗർവാളാണ് പോര്‍ഷെ ടെയാകാന്‍ കാര്‍ സമ്മാനമായി നല്‍കിയത്. 

കൊച്ചുമകന് ആഡംബര കാര്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സുരേന്ദ്ര അഗര്‍വാള്‍ മെസേജ് ഇട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് അമന്‍ വാധ്‌വ വെളിപ്പെടുത്തി. കാറിന്റെ ചിത്രം അടക്കമാണ് സുരേന്ദ്ര അഗര്‍വാള്‍ വാട്‌സ്ആപ്പില്‍ ഫോട്ടോ ഇട്ടത്.

മെയ് 19ന് പുലര്‍ച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് മുത്തച്ഛനെ നേരത്തെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായി തടവിൽവെച്ചുവെന്നും കുറ്റം ഏൽക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കുടുംബത്തിലെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന വിചിത്രവാദവുമായി ആരോപണവിധേയനായ 17കാരനും പിതാവും വെള്ളിയാഴ്ച രം​ഗത്തെത്തിയിരുന്നു. എന്നാൽ, അപകടത്തിന് പിന്നാലെ ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണെന്ന് പൂനെ പൊലീസ് വ്യക്തമാക്കി.

അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണെന്ന കുറ്റമേല്‍ക്കണം എന്നുപറഞ്ഞാണ്, അഗര്‍വാള്‍ കുടുംബം തനിക്ക് പണം വാഗ്ദാനം ചെയ്തതെന്ന് അവരുടെ ഡ്രൈവര്‍ ഗംഗാറാം പൂജാരി മൊഴി നല്‍കി . വാഗ്ദാനത്തില്‍ വീഴുന്നില്ല എന്ന് കണ്ടതോടെ തന്നെ രണ്ടുദിവസം വീട്ടില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും ഗംഗാറാം പൊലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കേസിലെ പ്രധാന സാക്ഷിയാണ് ഗംഗാറാം. 

കൗമാരക്കാരന്‍ അമിതവേഗത്തില്‍ ഓടിച്ച ഈ ആഡംബര കാറിടിച്ചാണ് ബൈക്ക് യാത്രികരായ യുവ എഞ്ചിനിയര്‍മാര്‍ മരിച്ചത്. സംഭവത്തില്‍ കേസെടുക്കാതെ 15 മണിക്കൂറിനകം കൗമാരക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇതോടെ പതിനേഴുകാരനെയും അച്ഛനെയും പോലീസ് വീണ്ടും സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.

റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. 

സംഭവത്തില്‍ 17കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിന് രണ്ട് ഹോട്ടലുകളിലെ മൂന്നുജീവനക്കാരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതിനിടെ സുരേന്ദ്രക്ക് ഗുണ്ടാസംഘം ഛോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു പ്രാദേശിക രാഷ്ട്രീയക്കാരൻ ആരോപിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News