പാകം ചെയ്യാത്ത ഭക്ഷണം, ജീര്‍ണിച്ച സീറ്റുകള്‍; എയര്‍ ഇന്ത്യ ബിസിനസ് ക്ലാസിലെ ദുരനുഭവം പങ്കുവച്ച് യാത്രക്കാരന്‍

അഞ്ച് ലക്ഷം രൂപയാണ് യാത്രക്ക് ചെലവഴിക്കേണ്ടി വന്നതെന്നും യാത്രക്കാരന്‍ പറയുന്നു

Update: 2024-06-17 06:26 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ ബിസിനിസ് ക്ലാസില്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് യാത്രക്കാരന്‍. വിനീത് എന്ന യാത്രക്കാരനാണ് എക്സിലൂടെ ഭുരനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഒരു പേടിസ്വപ്നത്തെക്കാള്‍ ഒട്ടും കുറവായിരുന്നില്ല ആ യാത്രയെന്ന് വിനീത് വിവരിക്കുന്നു. പാകം ചെയ്യാത്ത ഭക്ഷണവും ജീര്‍ണിച്ച സീറ്റുകളാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം കുറിച്ചു.

അഞ്ച് ലക്ഷം രൂപയാണ് യാത്രക്ക് ചെലവഴിക്കേണ്ടി വന്നതെന്നും യാത്രക്കാരന്‍ പറയുന്നു. ''ഒരു ദുരനുഭവം...കുറച്ച് വർഷങ്ങളായി എമിറേറ്റ്‌സിനൊപ്പം പറന്നതിന് ശേഷം, എൻ്റെ പതിവ് ലക്ഷ്യസ്ഥാനങ്ങളായ ന്യൂയോര്‍ക്ക്, ചിക്കാഗോ, ലണ്ടൻ എന്നിവിടങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഞാൻ അടുത്തിടെ എയർ ഇന്ത്യയിലേക്ക് മാറി.ഇന്നലത്തെ എന്‍റെ യാത്ര ഒരു പേടിസ്വപ്നത്തില്‍ കുറവായിരുന്നില്ല. ഒഫീഷ്യല്‍ ട്രിപ്പിനായി ബിസിനസ് ക്ലാസായിരുന്നു ബുക്ക് ചെയ്തത്. സീറ്റുകൾ വൃത്തിയില്ലാത്തതും ജീർണിച്ചതുമായിരുന്നു. 35ൽ 5 സീറ്റുകളെങ്കിലും പ്രവർത്തനക്ഷമവുമായിരുന്നില്ല. 25 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്'' വിനീതിന്‍റെ പോസ്റ്റില്‍ പറയുന്നു.

Advertising
Advertising

ഒന്നുറങ്ങാനായി നോക്കിയെങ്കിലും തൻ്റെ ഇരിപ്പിടം ഫ്ലാറ്റ് ബെഡ് ആക്കി മാറ്റാന്‍ സാധിച്ചില്ലെന്നും വിനീത് ആരോപിക്കുന്നു. പിന്നീട് മറ്റൊരു സീറ്റിലേക്ക് മാറിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വേവിക്കാത്ത ഭക്ഷണവും പഴകിയ പഴങ്ങളും തന്നു . ടിവി കാണാനുള്ള സൗകര്യമുണ്ടായിരുന്നെങ്കിലും ടിവി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തന്‍റെ ബാഗുകള്‍ക്ക് കേടുപാടു സംഭവിച്ചതായും വിനീത് വിശദീകരിക്കുന്നു.

കുറന്ന നിരക്കില്‍ ഇത്തിഹാദ് എയര്‍ലൈന്‍സ് ഉണ്ടായിരുന്നിട്ടും ന്യൂയോര്‍ക്കിലേക്ക് നേരിട്ട് സര്‍വീസ് ഉള്ളതുകൊണ്ടാണ് എയര്‍ ഇന്ത്യ തെരഞ്ഞെടുത്തതെന്നും യാത്രക്കാരന്‍ പറയുന്നു. സീറ്റുകളുടെയും ഭക്ഷണത്തിന്‍റെയും ചിത്രങ്ങളും വിനീത് ഷെയര്‍ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയിൽ നിന്ന് ലഭിച്ച പ്രതികരണത്തിൻ്റെ സ്‌ക്രീൻ ഷോട്ടും വിനീത് പങ്കിട്ടു. "പ്രിയപ്പെട്ട സർ, അസൗകര്യത്തില്‍ ഞങ്ങൾ ഖേദിക്കുന്നു, ഞങ്ങളുടെ യാത്രക്കാർക്ക് അത്തരം അസൗകര്യങ്ങൾ നേരിടാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല.നിങ്ങളുടെ ബുക്കിംഗ് വിശദാംശങ്ങൾ, സീറ്റ് നമ്പർ, DBR/ ഫയലർ റഫറൻസ് നമ്പർ എന്നിവ ഞങ്ങൾക്ക് മെസേജ് ചെയ്യുക. ഞങ്ങള്‍ ഉടനത് പരിശോധിക്കും. പ്രിയ സർ, നിങ്ങളുടെ നിരാശ ഞങ്ങൾ മനസ്സിലാക്കുകയും നിങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദിക്കുകയും ചെയ്യുന്നു.''എയര്‍ ഇന്ത്യ കുറിച്ചു. പോസ്റ്റിനു പിന്നാലെ നിരവധി യാത്രക്കാരാണ് എയര്‍ ഇന്ത്യ യാത്രയില്‍ തങ്ങള്‍ക്കു നേരിട്ട ദുരനുഭവം പങ്കുവച്ചത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News