ഒഡിഷയില്‍ പോളിങ് ബൂത്ത് കൈയേറി ഇ.വി.എം തകർത്ത് ബി.ജെ.പി സ്ഥാനാർഥി; അറസ്റ്റ്

2022ൽ ബി.ജെ.പി പ്രവർത്തകർക്കുനേരെ എസ്.യു.വി കാറിടിച്ചു കയറ്റിയ കേസില്‍ അറസ്റ്റിലായയാളാണ് പ്രശാന്ത ജഗദേവ്. കഴിഞ്ഞ മാർച്ചിലാണ് ബി.ജെ.പിയിൽ ചേർന്നത്

Update: 2024-05-26 18:24 GMT
Editor : Shaheer | By : Web Desk

പ്രശാന്ത കുമാര്‍ ജഗദേവ്

Advertising

ഭുവനേശ്വർ: ഒഡിഷയിൽ പോളിങ് ബൂത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ അതിക്രമം. ഖോർധ ജില്ലയിലെ ബെഗുനിയ നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായ പ്രശാന്ത കുമാര്‍ ജഗദേവ് ആണ് പ്രവർത്തകർക്കൊപ്പം ബൂത്ത് കൈയേറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും പരാക്രമം അഴിച്ചുവിടുകയും ചെയ്തത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികൾ തകർക്കുകയും ചെയ്ത ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലവിൽ ചിൽക എം.എൽ.എയാണ് പ്രശാന്ത. ഇന്നലെ ഉച്ചയോടെയാണ് വോട്ടിങ് പുരോഗമിക്കുന്നതിനിടെ ബെഗുനിയയിലെ കുവാൻറിപട്‌നയിലെ പോളിങ് ബൂത്തിൽ ഇദ്ദേഹം അനുയായികൾക്കൊപ്പം എത്തിയത്. ബൂത്തിനകത്ത് കയറാനുള്ള ശ്രമം പോളിങ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചതോടെ വാക്കുതർക്കമായി. തുടർന്ന് ബൂത്തിലേക്ക് അതിക്രമിച്ചുകയറി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഇ.വി.എം ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ കേടുവരുത്തുകയും ചെയ്തത്.

ഇതോടെ ബൂത്തിൽ മണിക്കൂറുകളോളം വോട്ടിങ് തടസപ്പെട്ടു. ബൂത്ത് കൈയേറ്റ വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും എം.എൽ.എയും സംഘവും സ്ഥലം കാലിയാക്കിയിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന് തടഞ്ഞാണ് പൊലീസ് പ്രശാന്ത ജഗദേവനെ അറസ്റ്റ് ചെയ്തത്. രക്ഷപ്പെടുമ്പോൾ ബി.ജെ.പിയുടെ ഭുവനേശ്വർ ലോക്‌സഭാ സ്ഥാനാർഥി അപരാജിത സാരംഗിയും എം.എൽ.എയുടെ വാഹനത്തിലുണ്ടായിരുന്നു. പ്രശാന്ത നിലവിൽ ബെഗുനിയ സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

പോളിങ് ബൂത്തിൽ അതിക്രമം നടത്തിയെന്ന വാർത്തകൾ നിഷേധിച്ച പ്രശാന്ത പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. യാദൃച്ഛികമായി നിലത്ത് വീണാണ് ഇ.വി.എം കേടായതെന്നും അദ്ദേഹം വാദിച്ചു. തന്നെ വെറുതെ കേസിൽ കുടുക്കാനുള്ള ശ്രമമാണെന്നും ബൂത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി ഒഡിഷ തെരഞ്ഞെടുപ്പ് കമ്മിഷണർ നികുഞ്ജ ബിഹാരി അറിയിച്ചു. പരാതി സത്യമാണെന്നു തെളിഞ്ഞാൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സംഭവത്തിൽ ഇ.വി.എം കൺട്രോൾ യൂനിറ്റ് കേടായിട്ടുണ്ട്. ഇതു പരിഹരിച്ച ശേഷം വോട്ടിങ് തുടർന്നെന്നും കമ്മിഷണർ പറഞ്ഞു. പ്രശാന്തയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.ഡി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചിട്ടുണ്ട്.

മുൻപും മോശം പെരുമാറ്റത്തിനു പേരുകേട്ടയാളാണ് പ്രശാന്ത ജഗദേവ്. 2014ൽ ബിജു ജനതാദൾ(ബി.ജെ.ഡി) ടിക്കറ്റിലാണ് അദ്ദേഹം ചിൽകയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. ബൗധ് ജില്ലയിൽ നടന്ന ഒരു പരിപാടിക്കിടെ ബി.ജെ.ഡി നേതാക്കൾക്കുനേരെ കരിങ്കൊടി കാണിച്ച ബി.ജെ.പി പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ ആ സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. 2016ൽ വനിതാ തഹസിൽദാറെ മർദിച്ചു വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥയ്‌ക്കെതിരെ എം.എൽ.എയുടെ അതിക്രമം.

എന്നാൽ, 2019ൽ ബി.ജെ.ഡി പ്രശാന്തയ്ക്കു വീണ്ടും ടിക്കറ്റ് നൽകി. ചിൽകയിൽനിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിനുശേഷവും അതിക്രമങ്ങളും മോശം പെരുമാറ്റവുമായി ഇദ്ദേഹം വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. 2021 സെപ്റ്റംബറിൽ ബി.ജെ.പി പ്രവർത്തകനെ മർദിച്ചെന്ന പരാതി കൂടി വന്നതോടെ അദ്ദേഹത്തിനെതിരെ ബി.ജെ.ഡി അച്ചടക്ക നടപടി സ്വീകരിച്ചു. പിന്നീട് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുകയും ചെയ്തു.

2022 മാർച്ചിൽ ബി.ജെ.പി പ്രവർത്തകർക്കുനേരെ എസ്.യു.വി കാറിടിച്ചു കയറ്റി വീണ്ടും വിവാദം സൃഷ്ടിച്ചു. ബ്ലോക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയ പ്രവർത്തകർക്കുനേരെയായിരുന്നു വാഹനം ഇടിച്ചുകയറ്റിയത്. ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 22 പേർക്ക് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു. പിന്നാലെ പ്രശാന്ത അറസ്റ്റിലാകുകയും ചെയ്തു.

ബി.ജെ.പി പ്രവർത്തകർക്കെതിരെ നിരന്തരം അതിക്രമങ്ങളുമായി വാർത്തകളിൽ നിറഞ്ഞ പ്രശാന്ത ജഗദേവിനെ കഴിഞ്ഞ മാർച്ചിൽ ബി.ജെ.പി നേതാക്കൾ തന്നെ മാലയിട്ടു സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. ഇത്തവണ ബെഗുനിയ നിയമസഭാ മണ്ഡലത്തിൽ സീറ്റും നല്‍കി ബി.ജെ.പി. ഒഡിഷയില്‍ അവശേഷിക്കുന്ന നിയമസഭാ സീറ്റുകളിലേക്ക് ഇന്നലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. ഇതിനിടയിലായിരുന്നു സ്ഥാനാര്‍ഥിയുടെ പോളിങ് ബൂത്ത് കൈയേറ്റവും അതിക്രമവുമെല്ലാം നടന്നത്.

Summary: BJP candidate and MLA Prashanta Jagdev arrested in Odisha for allegedly vandalising EVM

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News