'കൗമാര ബന്ധങ്ങളിലെ പ്രത്യാഘാതം ആണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്നു'; പോക്‌സോ നിയമത്തെ കുറിച്ച് ബോധവത്കരണം വേണമെന്ന് കോടതി
പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടിയെ കുറ്റമുക്തനാക്കിക്കൊണ്ടാണ് വിധി
ചെന്നൈ: കൗമാരക്കാര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമപരമായ പ്രത്യാഘാതം ആണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്നുവെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. 17ാം വയസില്‍ പോക്‌സോ കേസില്‍ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യുവാവിനെ കുറ്റമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് എന്‍. മാലയുടെ വിധി. പോക്‌സോ നിയമത്തെ കുറിച്ച് കൃത്യമായ ബോധവത്കരണം വേണമെന്നും കോടതി പറഞ്ഞു.
കൗമാരക്കാര്‍ തമ്മിലുള്ള പ്രണയബന്ധത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത് ആണ്‍കുട്ടിയാണ്. രക്ഷിതാക്കളുടെ സമ്മര്‍ദം കാരണം പെണ്‍കുട്ടിക്ക് മറ്റൊരാളെ വിവാഹം ചെയ്യാന്‍ സമ്മതിക്കുകയോ, ആണ്‍കുട്ടിക്കെതിരെ പരാതി നല്‍കുകയോ ചെയ്യേണ്ടിവരാം. ഇതിന്റെ ഫലമായി ഏറെക്കാലത്തെ ജയില്‍വാസമാണ് ആണ്‍കുട്ടി അനുഭവിക്കേണ്ടിവരുന്നത് -കോടതി ചൂണ്ടിക്കാട്ടി. പോക്‌സോ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ ശക്തമായ ബോധവത്കരണം നടത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കന്യാകുമാരി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്‍കുട്ടിക്ക് 17ഉം പെണ്‍കുട്ടിക്ക് 16ഉം വയസുള്ളപ്പോള്‍ ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിച്ചതിനെ തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും ഒരു മാസത്തോളം ഒരുമിച്ച് താമസിക്കുകയും ചെയ്തു. പിന്നീട് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇവരെ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടിക്കെതിരെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രത്യേക പോക്‌സോ കോടതി 20 വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. ഇതിനെതിരെ ആണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.