ഇറാനില്‍ കുടുങ്ങിയത് 9000 ഇന്ത്യക്കാര്‍; തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്രം
ഇറാനിലുള്ള ഇന്ത്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ഇസ്രായേലും യുഎസും ചേര്‍ന്ന് തുടക്കമിട്ട യുദ്ധം രൂക്ഷമായി തുടരവേ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത് 9000ലേറെ ഇന്ത്യക്കാര്‍. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇറാനിലുള്ള ഇന്ത്യക്കാരില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ജമ്മു കശ്മീര്‍, യുപി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. തെഹ്‌റാന്‍, ക്വോം എന്നീ നഗരങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലുള്ളത്. ഇതില്‍ തെഹ്‌റാനില്‍ യുഎസും ഇസ്രായേലും ചേര്‍ന്ന് കടുത്ത ആക്രമണം തുടരുകയാണ്. ഇവിടെ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ക്വോം.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തെ തുടര്‍ന്ന് ഇറാന്റെ വ്യോമപാത അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ പതിവ് യാത്രാവിമാനങ്ങളില്‍ രാജ്യത്തിന് പുറത്ത് കടക്കാനാവില്ല. അയല്‍രാജ്യങ്ങളായ അര്‍മേനിയ, തുര്‍ക്‌മെനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് അതിര്‍ത്തി കടന്ന് പോയ ശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള സാധ്യതയാണുള്ളതൈന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇറാനിലുള്ള ഇന്ത്യക്കാര്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി എത്രയും വേഗം രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം. ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
യുദ്ധസാഹചര്യം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. വരും ദിവസങ്ങളിലും ആക്രമണം കടുക്കുമെന്നും സമ്പൂര്‍ണമായി കീഴടങ്ങുക മാത്രമാണ് ഇറാന് മുന്നിലെ മാര്‍ഗമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. എന്നാല്‍, യുഎസിനും ഇസ്രായേലിനും മുന്നില്‍ കീഴടങ്ങില്ലെന്നും തിരിച്ചടി തുടരുമെന്നുമാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യയിലെ വിവിധ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുകയാണ്.