യുഎസിന് കനത്ത പ്രഹരം; പശ്ചിമേഷ്യയിലെ പ്രധാന മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനം ഇറാന്‍ തകര്‍ത്തു

ഗള്‍ഫ് മേഖലയിലെ മിസൈല്‍ പ്രതിരോധത്തെയാകെ ഏകോപിപ്പിക്കുന്ന ജോര്‍ദാനിലെ നിര്‍ണായക റഡാര്‍ സംവിധാനമാണ് ഇറാൻ്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്

Update: 2026-03-07 05:18 GMT

അമ്മാന്‍: യുഎസിന്റെ മിസൈല്‍ പ്രതിരോധ റഡാര്‍ സംവിധാനത്തിന് കനത്ത പ്രഹരം നല്‍കി ഇറാന്‍. ഗള്‍ഫ് മേഖലയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന നിര്‍ണായക റഡാര്‍ സംവിധാനം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 300 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന റഡാര്‍ സംവിധാനമാണ് തകര്‍ത്തത്. ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിലായിരുന്നു ഇതുണ്ടായിരുന്നത്. റഡാര്‍ സംവിധാനത്തിന്റെ തകര്‍ച്ച ഗള്‍ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈലുകളെ നേരിടുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertising
Advertising

യുദ്ധത്തിന്റെ തുടക്കദിവസങ്ങളില്‍ തന്നെ യുഎസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന്‍ തകര്‍ത്തിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. യുഎസിന്റെ താഡ് മിസൈല്‍ സംവിധാനത്തിന്റെ ഭാഗമായ എഎന്‍/ടിപിവൈ-2 റഡാറാണിത്. സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം പിന്നീട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഫെബ്രുവരി 28നും മാര്‍ച്ച് മൂന്നിനും ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണമുണ്ടായതായാണ് പറയപ്പെടുന്നത്. ഇവയെ പ്രതിരോധിച്ചതായാണ് യുഎസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ ആക്രമണത്തിലാണ് റഡാര്‍ സംവിധാനം തകര്‍ന്നതായി കരുതുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് താഡ് മിസൈല്‍ സംവിധാനം. ജോര്‍ദാനിലെ താഡ് സംവിധാനം തകര്‍ന്നാല്‍ പിന്നീട് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാനുള്ള ചുമതല ഷോര്‍ട്ട് റേഞ്ചുള്ള പേട്രിയറ്റ് മിസൈല്‍ സംവിധാനത്തിനായിരിക്കും. എന്നാല്‍, പേട്രിയറ്റ് സംവിധാനത്തിനുള്ള മിസൈലുകള്‍ ഇപ്പോള്‍ തന്നെ ദൗര്‍ലഭ്യം നേരിടുകയാണ്.

യുഎസിന് ലോകത്താകെ എട്ട് താഡ് മിസൈല്‍ പ്രതിരോധ സംവിധാനമാണുള്ളത്. ഓരോന്നിനും 100 കോടി ഡോളര്‍ വീതമാണ് ചെലവ്. ഇതിന്റെ ഭാഗമായ റഡാറിന് 30 കോടി ഡോളറാണ് ചെലവ്. ഇറാന്റെ ആക്രമണത്തില്‍ റഡാര്‍ സംവിധാനത്തിനേറ്റ തകരാര്‍ യുഎസിന് വലിയ തിരിച്ചടിയാണെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു താഡ് യൂണിറ്റില്‍ 90 സൈനികര്‍, ട്രക്ക് ഘടിപ്പിച്ച ആറ് ലോഞ്ചറുകള്‍, ഓരോ ലോഞ്ചറിലും എട്ട് വീതമായി 48 ഇന്റര്‍സെപ്റ്ററുകള്‍, ഒരു ടിപിവൈ-2 റഡാര്‍, കൂടാതെ ഒരു ഫയര്‍ കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍ യൂണിറ്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്ന ഓരോ ഇന്റര്‍സെപ്റ്റര്‍ മിസൈലിനും ഏകദേശം 13 മില്യണ്‍ യുഎസ് ഡോളറാണ് വില.

വെള്ളിയാഴ്ച യുഎസ് പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസില്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ആര്‍ടിഎക്‌സ് ഉള്‍പ്പെടെയുള്ള ആയുധനിര്‍മാതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. യുഎസ് സേനയ്ക്ക് ആയുധങ്ങള്‍ കുറയുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണിത്. ആയുധ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമാണ് യോഗത്തില്‍ നിര്‍മാതാക്കള്‍ക്ക് നല്‍കിയത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News