ഗൾഫിൽ ജീവിതത്തിൻ്റെ റോഡ് ക്രോസ് ചെയ്യുമ്പോൾ..

ഒരു പ്രവാസിക്ക് നാട്ടിലേക്കുള്ള യാത്രയെന്നാൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമാണ് . അത്രമേൽ തീവ്രവും വൈകാരികവുമായ മറ്റൊരു അനുഭവവും ഉണ്ടാവില്ല. മണി എക്സ് ചേഞ്ചിലേക്കുള്ള യാത്രയാകട്ടെ ഗൾഫ് നാടുകളിൽ പരദേശിയായി ജീവിക്കുന്ന എല്ലാവരുടെയും ജീവിതത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗവും.

Update: 2021-06-27 14:55 GMT
Advertising

ഇന്നലെ വൈകുന്നേരമാണ് പൊടുന്നനെ ആ വാർത്ത എത്തിയത്. ബഹ്റൈനിൽ അറിഞ്ഞവരിലെല്ലാം സങ്കടം നിറച്ച ഒരു മരണ വാർത്ത. വാഹനാപകടം എന്നായിരുന്നു ആദ്യത്തെ സൂചന. റോഡ് മുറിച്ച് കടക്കുമ്പോൾ കാൽനടയാത്രക്കാരനാണ് അപകടം പിണഞ്ഞതെന്ന് പിന്നെ മനസിലായി.

മൂന്ന് ദിവസം കഴിഞ്ഞ് നാട്ടിൽ പോകാനായി എല്ലാ ഒരുക്കങ്ങളും നടത്തിയ മനുഷ്യനാണ്. ചീറിപ്പാഞ്ഞു വന്ന ഒരു വാഹനം നൊടിയിട നേരം കൊണ്ട് ആ ജീവൻ കവർന്നു. സീഫ് ഡിസ് ട്രിക്റ്റിലെ തിരക്കേറിയ റോഡ് മുറിച്ച് കടക്കുമ്പോൾ കാർ വന്നിടിക്കുകയായിരുന്നു. ജൂലൈ ഒന്നാം തിയ്യതി കേരളത്തിലേക്ക് പോകുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും ചെയ്തിരുന്നു അദ്ദേഹം. നാട്ടിലേക്ക് പണം അയക്കാൻ മണി എക്സ്ചേഞ്ചിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്.

നാലു സുഹ്യത്തുക്കൾ എക്സ്ചേഞ്ചിലേക്ക് ഒന്നിച്ച് പോയതാണ് . തൊട്ടുമുന്നിലെ ദിശയിലുള്ള പാതയിൽ പോകാനുള്ള ബസ് വന്ന് നിൽക്കുന്നുണ്ടായിരുന്നു. അവർ നിൽക്കുന്ന ബസ് സ്റ്റോപ്പിൽ ആ ബസ് എത്തിച്ചേരാൻ വൈകുമെന്നതിനാലും കൂടുതൽ ധ്യതിയിൽ പോകേണ്ടതുള്ളത് കൊണ്ടും അദ്ദേഹം പാത ക്രോസ് ചെയ്ത് അപ്പുറത്തേക്ക് പോയി. ആ തീരുമാനം ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ക്രോസിംഗ് ആയി മാറി ആ സഹോദര ന് . എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരിക്കണം ! അതീവ ദു:ഖകരമായ  വേർപാട്.

ഒരു പ്രവാസിക്ക് നാട്ടിലേക്കുള്ള യാത്രയെന്നാൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമാണ് . അത്രമേൽ തീവ്രവും വൈകാരികവുമായ മറ്റൊരു അനുഭവവും ഉണ്ടാവില്ല. മണി എക്സ് ചേഞ്ചിലേക്കുള്ള യാത്രയാകട്ടെ ഗൾഫ് നാടുകളിൽ പരദേശിയായി ജീവിക്കുന്ന എല്ലാവരുടെയും ജീവിതത്തിൻ്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗവും.

മരണവും മറ്റൊരു യാത്രയാണല്ലോ. അനിവാര്യമായ അന്തിമയാത്ര. കോവിഡ് കാലത്ത് സങ്കടം കൊണ്ട് ഉള്ള് പൊള്ളിക്കുന്ന ഒരു പാട് വിരഹ വാർത്തകൾ ഒന്നൊന്നായി വന്ന് നിറയുകയാണ് നമ്മുടെ മുന്നിൽ . വേദനാജനകമായ വിടവാങ്ങലുകൾ. ആകസ്മികമായ വേർപാടുകൾ. അതിനൊപ്പം ആരുടെയും ഉള്ളുലച്ചു കളയുന്നതാണ് ഇത്തരം ദാരുണ സംഭവങ്ങൾ.

ഗൾഫിലെ മിക്ക റോഡുകളും അതിവേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ട്രാക്കുകളുളോട് കൂടിയതാണ് . റോഡ് മുറിച്ച് കടക്കുന്ന ഒരാൾക്ക് കണക്ക് കൂട്ടാൻ കഴിയുന്നതിനുമപ്പുറത്തായിരിക്കും  പൊടുന്നനെ കുതിച്ചെത്തുന്ന വാഹനങ്ങളുടെ ഗതിവേഗം. അപ്പുറത്തെത്താൻ കഴിയുമെന്ന് മനസിൽ നിനച്ച നേരമെത്തുന്നതിനു മുമ്പേ വാഹനങ്ങൾ കുതിച്ച് വന്നേക്കാം. ചീറിപ്പാഞ്ഞെത്തി അവ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചേക്കാം. അതിനാൽ അതീവ ശ്രദ്ധ ആവശ്യമാണ്.

ചെറിയ പാതകളിൽ കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്നത് കണ്ടാൽ തിരക്കുള്ളവരാണെങ്കിലും സ്നേഹത്തോടെ വാഹനം നിർത്തി ക്രോസ് ചെയ്യാൻ അനുവദിക്കുന്നവരാണ് ഡ്രൈവ് ചെയ്യുന്ന സ്വദേശികളിൽ ഭൂരിഭാഗവും. അതേ സമയം അതിവേഗ പാതകളിൽ ഇത് സാധ്യമാവില്ല. അത് കൊണ്ട് തന്നെ പെഡസ്ട്രിയന്‍ ക്രോസ്സിംഗിൽ ഗ്രീൻ ലൈറ്റ് തെളിയുമ്പോഴാണ് റോഡ് മുറിച്ച് കടക്കുന്നതെന്ന് കാൽ നട യാത്രക്കാർ ഉറപ്പ് വരുത്തണം. മറ്റുള്ളയിടങ്ങളിൽ സീബ്രാ ക്രോസിങ്ങ് ഉണ്ടെങ്കിൽ അതും സബ് വേയോ ഓവർ ബ്രിഡ്ജോ ഉണ്ടെങ്കിൽ അതും ഉപയോഗപ്പെടുത്തണം. ഇതൊന്നുമില്ലാത്ത പാതകളിൽ അതീവ ജാഗ്രത പുലർത്തി വേണം ക്രോസിംഗ്.

ചില പാതകളെങ്കിലും വൺവേ ആയിരിക്കില്ല എന്നതിനാൽ റോഡ് മുറിച്ചുകടക്കുന്നതിനു മുൻപ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങൾ വിദൂരത്ത് നിന്ന് പോലും വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷമേ മുറിച്ച് കടക്കാവൂ. റോഡിലെ ഫോൺ ഉപയോഗവും അശ്രദ്ധമായ ചലനങ്ങളും അപകടം ക്ഷണിച്ചു വരുത്തുമെന്ന കാര്യവും മറക്കരുത്..

ഓരോ നിമിഷവും ജാഗ്രതയുള്ളവരായിരിക്കാം..നമുക്ക് വേണ്ടി..നമ്മെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് വേണ്ടി.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Similar News