ലോകകപ്പ് സാധ്യത ടീമിനെ പ്രവചിച്ച് കുംബ്ലെ

ഇതിനിടെയാണ് ലോകകപ്പ് സാധ്യത ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ രംഗത്തുവന്നിരിക്കുന്നത്. 

Update: 2019-03-16 06:48 GMT
Advertising

ലോകകപ്പ് ക്രിക്കറ്റിന് ഇനി അധികനാളുകളില്ല. ലോകകപ്പിന് മുന്നോടിയായി നടന്ന ആസ്ട്രേലിയക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ ഇന്ത്യ കൈവിട്ടത് നിരാശ പടര്‍ത്തുന്നുണ്ടെങ്കിലും ലോക കിരീട പോരാട്ടത്തില്‍ അതൊന്നും കൊഹ്‍ലിപ്പടയെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ. ഓസീസിനെതിരെ ട്വന്റി 20 പരമ്പര 0-2 ന് കൈവിട്ടപ്പോള്‍ ഏകദിന പരമ്പര 2-3 നാണ് ഇന്ത്യ അടിയറവ് വെച്ചത്.

ഇതിനിടെയാണ് ലോകകപ്പ് സാധ്യത ടീമിനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ രംഗത്തുവന്നിരിക്കുന്നത്. അമ്പാട്ടി റായ്‍ഡുവിനെ പതിനൊന്നംഗ ടീമില്‍ നിന്ന് പുറത്തിരുത്തിയ കുംബ്ലെ, ധോണിക്ക് നാലാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഓസീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ റായ്‍ഡുവിനെ കളത്തിലിറക്കിയിരുന്നില്ല. യുവ താരം ഖലീല്‍ അഹമ്മദിന് ഇടംനല്‍കിയത് കുംബ്ലെയുടെ ടീമിന്റെ പ്രത്യേകതയാണ്.

പേസ് ആക്രമണത്തിന് ഭുവിയെയും ബുംറയെയും ഷമിയെയും കുംബ്ലെ അണിനിരത്തുമ്പോള്‍ കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചഹാല്‍ എന്നിവരെയാണ് സ്പിന്‍ ആക്രമണത്തിന് നിയോഗിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. നായകന്‍ വിരാട് കൊഹ്‍ലി സ്ഥിരം നമ്പറായ മൂന്നില്‍ തുടരും. ധോണിക്ക് ശേഷമാണ് കേദാര്‍ ജാദവും ഹര്‍ദിക് പാണ്ഡ്യയും ബാറ്റേന്തുക. ഋഷഭ് പന്താണ് രണ്ടാം വിക്കറ്റ് കീപ്പര്‍.

കുംബ്ലെയുടെ 15 അംഗ ടീം

വിരാട് കൊഹ്‍ലി, എം.എസ് ധോണി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചഹാല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, അമ്പാട്ടി റായ്‍ഡു, ഋഷഭ് പന്ത്, വിജയ് ശങ്കര്‍.

Tags:    

Similar News