ധരംശാലയിൽ ജഡ്ഡു ഷോ; പഞ്ചാബിനെതിരെ ചെന്നൈക്ക് 28 റൺസ് ജയം

26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 43 റൺസുമായി രവീന്ദ്ര ജഡേജ സിഎസ്‌കെയുടെ ടോപ് സ്‌കോററായി.

Update: 2024-05-05 14:02 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ധരംശാല: ആദ്യം ബാറ്റിങിൽ ടീമിനെ മികച്ച ടോട്ടലിലെത്തിച്ചു. പന്തുകൊണ്ട് എറിഞ്ഞുവീഴ്ത്തി. രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിൽ പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 28 റൺസിന്റെ തകർപ്പൻ ജയം. ചെന്നൈയുടെ വിജയ ലക്ഷ്യമായ 168 റൺസ് പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന്റെ പോരാട്ടം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 139ൽ അവസാനിച്ചു. 30 റൺസ് നേടിയ പ്രബ്‌സിമ്രാനാണ് ടോപ് സ്‌കോറർ. ശശാങ്ക് സിങ് (27), ഹർഷൽ പട്ടേൽ (12), രാഹുൽ ചഹാർ (16) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജ തിളങ്ങി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് സ്‌കോർ ചെയ്തത്. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് മികവാണ് സന്ദർശകരെ മികച്ച സ്‌കോറിലെത്തിച്ചത്. 26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും സഹിതം 43 റൺസുമായി സിഎസ്‌കെയുടെ ടോപ് സ്‌കോററായി. ഋതുരാജ് ഗെയിക്‌വാദ് (21 പന്തിൽ 32), ഡാരിൽ മിച്ചൽ (19 പന്തിൽ 30) മികച്ച പിന്തുണ നൽകി. പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർ അജിങ്ക്യാ രഹാനെ (9) ഒരിക്കൽ കൂടി നിരാശപ്പെടുത്തി മടങ്ങിയപ്പോൾ രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഗെയ്ക്വാദും ഡാരിൽ മിച്ചലും ചേർന്ന് ചെന്നൈയെ 50 കടത്തി. എട്ടാം ഓവറിൽ 69-1 എന്ന മികച്ച നിലയിലായിരുന്ന ചെന്നൈയെ രാഹുൽ ചഹാർ ഞെട്ടിച്ചു. ഗെയിക്‌വാദിനേയും ശിവം ദുബെയെയും(0) മടക്കിയതോടെ ടീം പ്രതിസന്ധി നേരിട്ടു. രവീന്ദ്ര ജഡേജയും മൊയീൻ അലിയും ചേർന്ന് ചെന്നൈയെ പതിമൂന്നാം ഓവറിൽ 100 കടത്തി. ഒമ്പതാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി. ഈ സീസണിൽ ഇത് രണ്ടാം തവണ മാത്രമാണ് ധോണി പുറത്താവുന്നത്.  മറുപടി ബാറ്റിങിൽ പഞ്ചാബിന് ഒരുഘട്ടത്തിൽപോലും ചെന്നൈക്ക് ഭീഷണിയുയർത്താനായില്ല. ജോണി ബെയർസ്‌റ്റോ(9), റിലി റൂസോ(0), നായകൻ സാം കറൺ(7).അശുതോഷ് ശർമ(3) എന്നിവർ വേഗത്തിൽ കൂടാരം കയറിയതോടെ ആതിഥേയർ പരാജയത്തിലേക്ക് കൂപ്പുകുത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News