മലിംഗയുടെ അവസാന പന്തും അമ്പയറുടെ ഭീകര പിഴവും; ഫലം മുംബൈക്ക് ജയം

വിജയത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങിയ ബംഗളൂരുവിന് കാര്യങ്ങള്‍ ഏറെക്കുറെ ഭദ്രമായിരുന്നു. 

Update: 2019-03-29 07:23 GMT
Advertising

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം തേടിയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഇന്നലെ കളത്തില്‍ ഇറങ്ങിയത്. ഇതേ ലക്ഷ്യത്തോടെയായിരുന്നു മുംബൈയുടെ വരവും. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയത് 188 റണ്‍സിന്റെ വിജയലക്ഷ്യം. വിജയത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങിയ ബംഗളൂരുവിന് കാര്യങ്ങള്‍ ഏറെക്കുറെ ഭദ്രമായിരുന്നു. ഡിവില്ലിയേഴ്‍സും നായകന്‍ വിരാട് കൊഹ്‍ലിയും തകര്‍ത്തടിച്ച മത്സരത്തില്‍ ബംഗളൂരുവിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സ്.

നിര്‍ണായക ഓവര്‍ എറിയാനെത്തിയത് തീപ്പൊരി ബോളര്‍ മലിംഗ. പക്ഷേ മലിംഗയെ ആദ്യ പന്തില്‍ തന്നെ ഡുബെ ഗാലറിയില്‍ എത്തിച്ചു. ഇതോടെ വിജയലക്ഷ്യം അഞ്ച് പന്തില്‍ 11 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ അടുത്ത നാലു പന്തുകള്‍ അണുവിട തെറ്റാതെ എറിഞ്ഞ മലിംഗ വിട്ടുനല്‍കിയത് വെറും നാല് റണ്‍സ്. ഒടുവില്‍ അവസാന പന്തില്‍ ജയിക്കണമെങ്കില്‍ 7 റണ്‍സ് നിലയിലായി ബംഗളൂരു. മുംബൈ അപ്പോഴേക്കും വിജയാഹ്ലാദത്തിലായി. അവസാന പന്ത് കൃത്യം യോര്‍ക്കര്‍. അങ്ങനെ മുംബൈ ആറു റണ്‍സിന്റെ വിജയം സ്വന്തമാക്കി. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മലിംഗയുടെ ആ യോര്‍ക്കര്‍ ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായി. കാരണം ഓവര്‍ സ്റ്റെപ്പ് കയറിയ മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോള്‍ ആയിരുന്നു.

എന്നാല്‍ ഇത് ശ്രദ്ധിക്കാത്ത അമ്പയര്‍ നോ ബോള്‍ വിളിക്കുകയും ചെയ്തില്ല. അമ്പയറുടെ പിഴവിനെ മത്സര ശേഷം ഇരുടീമുകളുടെ നായകന്‍മാരും വിമര്‍ശിച്ചു. ദൌര്‍ഭാഗ്യകരമായ തീരുമാനമായിപ്പോയി അമ്പയറുടേതെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞപ്പോള്‍ കളി നടക്കുമ്പോള്‍ അമ്പയര്‍മാര്‍ കണ്ണ് തുറന്ന് നില്‍ക്കണമെന്നായിരുന്നു കൊഹ്‍ലിയുടെ വിമര്‍ശം. ഏതായാലും അമ്പയറെ കുറ്റപ്പെടുത്തി സോഷ്യല്‍മീഡിയയിലും വന്‍ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. അമ്പയര്‍ക്ക് പിഴവ് സംഭവിച്ചിരുന്നില്ലെങ്കില്‍ മത്സരഫലം മാറുമായിരുന്നു എന്നാണ് വിമര്‍ശകരുടെ വാദം.

Tags:    

Similar News