ആരാകും ലോകകപ്പിലെ താരം ? രോഹിതിനെ മറികടക്കാന്‍ റൂട്ടിനും വില്യംസണിനും ഇന്ന് അവസാന അവസരം

ബൌളര്‍മാരും ബാറ്റ്സ്മാന്‍മാരും ഒരേപോലെ മികവ് കാട്ടിയപ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റാകാന്‍ കടുത്ത മത്സരമാണ് ഉള്ളത്. പ്രഥമ പരിഗണന ലഭിക്കുന്ന താരങ്ങള്‍ ഇവരാണ്.

Update: 2019-07-14 07:45 GMT
Advertising

ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിലേക്ക് കടക്കുന്പോള്‍ ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ബാറ്റിങിലും ബൌളിങിലും മികച്ച പ്രകടനങ്ങള്‍ നടന്ന ലോകകപ്പില്‍ ഈ ഇനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ ടീമുകള്‍ ഫൈനല്‍ യോഗ്യത നേടിയില്ലെന്നതും പ്രത്യേകതയാണ്.

ബാറ്റ്സ്മാന്‍മാരെയും ബൌളര്‍മാരെയും ഒരേ പോലെ തൃപ്തരാക്കിയാണ് പന്ത്രണ്ടാമത് ക്രിക്കറ്റ് ലോകകപ്പ് കലാശക്കളിക്ക് ഒരുങ്ങുന്നത്. നിരവധി റെക്കോര്‍ഡുകള്‍ തകര്‍ന്നു. ബൌളര്‍മാരും ബാറ്റ്സ്മാന്‍മാരും ഒരേപോലെ മികവ് കാട്ടിയപ്പോള്‍ മാന്‍ ഓഫ് ദ ടൂര്‍ണമെന്റാകാന്‍ കടുത്ത മത്സരമാണ് ഉള്ളത്. പ്രഥമ പരിഗണന ലഭിക്കുന്ന താരങ്ങള്‍ ഇവരാണ്.

രോഹിത് ശര്‍മ

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ച് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും അടക്കം 648 റണ്‍സുമായി ലോകകപ്പിലെ നിലവിലെ ടോപ് സ്കോററാണ് രോഹിത് ശര്‍മ. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വിവിധ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുമായി പങ്കിടുന്നു. സെമി ഫൈനലില്‍ ടീം തോറ്റ് പുറത്തായെങ്കിലും ടൂര്‍ണമെന്റിന്റെ താരമാകാനുള്ള മത്സരത്തില്‍ രോഹിത്ത് ഉണ്ട്.

ഡേവിഡ് വാര്‍ണര്‍

ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ആസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ നടത്തിയത് സ്വപ്ന സദൃശ്യമായ തിരിച്ചുവരവ്. 3 സെഞ്ച്വറികളും 3 അര്‍ധ സെഞ്ച്വറികളും അടക്കം നേടിയത് 647 റണ്‍സ്. ടൂര്‍ണമെന്റിലെ നിലവിലെ ടോപ്സ്കോറര്‍ രോഹിത് ശര്‍മയേക്കാള്‍ ഒരു റണ്‍ കുറവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം.

ശക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശ് മധ്യനിര ബാറ്റ്സ്മാനായ ശക്കീബ് അല്‍ ഹസന്റേതാണ് ഈ ലോകകപ്പിലെ മികച്ച ആള്‍ റൌണ്ട് പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്തായെങ്കിലും 2 സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും അടക്കം ശക്കീബ് നേടിയത് 606 റണ്‍സ്. ഗ്രൂപ്പ് ഘട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 586 റണ്‍സ് നേടി സ്ഥാപിച്ച റെക്കോര്‍ഡ് മറികടന്നു. 5 വിക്കറ്റ് നേട്ടം അടക്കം 11 വിക്കറ്റുകളും ശക്കീബിന്റെ പോക്കറ്റിലുണ്ട്.

ജോ റൂട്ട്

ഫൈനലിലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് നെടുംതൂണാണ് ജോ റൂട്ട്. 2 സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറിയും സഹിതം 549 റണ്‍സ് നേടിയിട്ടുണ്ട്. ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയാല്‍ ജോ റൂട്ട് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തും.

കെയിന്‍ വില്യംസണ്‍

രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറിയും അടക്കം 548 റണ്‍സാണ് ന്യൂസിലാന്‍ഡ് നായകന്റെ ഇതുവരെയുള്ള സന്പാദ്യം. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയായ 91.33 വില്യംസന്റെ പേരിലാണ്. ഫൈനല്‍ പോരാട്ടത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയാല്‍ ടൂര്‍ണമെന്റിന്റെ താരമാകാന്‍ വില്യംസണ് സാധിക്കും.

മിച്ചല്‍ സ്റ്റാര്‍ക്ക്

രണ്ട് 5 വിക്കറ്റ് പ്രകടനം അടക്കം ആസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നേടിയത് 27 വിക്കറ്റ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് എന്ന ആസ്ട്രേലിയയുടേതന്നെ ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡ് മറികടന്നു. ടീം സെമിയില്‍ പുറത്തായെങ്കിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്റ്റാര്‍ക്ക്.

ജോഫ്ര ആര്‍ച്ചര്‍

ഫൈനല്‍ യോഗ്യത നേടിയ ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. ഇതുവരെ നേടിയത് 19 വിക്കറ്റ്.

ലോക്കീ ഫെര്‍ഗൂസന്‍

ഫൈനലിസ്റ്റുകളായ ന്യൂസിലാന്‍ഡ് നിരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. 8 കളികളിലാണ് ഫെര്‍ഗൂസന് അവസരം ലഭിച്ചത്. ഇതുവരെ നേടിയത് 18 വിക്കറ്റ്.

Tags:    

Similar News