‘ഷെയറ് വേണം’... ശ്രീലങ്കയോട് ടെസ്റ്റ് പരമ്പരയുടെ ചെലവ് ചോദിച്ച് പാകിസ്താന്‍

യു.‌എ.ഇയിൽ ടെസ്റ്റ് പരമ്പര കളിക്കാൻ ശ്രീലങ്ക നിർബന്ധിച്ചാൽ ചെലവുകൾ വഹിക്കണമെന്ന് ശ്രീലങ്കൻ ബോര്‍ഡിനെ പി.സി.ബി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. 

Update: 2019-10-15 11:42 GMT
Advertising

യു.എ.ഇയില്‍ ടെസ്റ്റ് പരമ്പര നടത്തേണ്ടി വന്നാല്‍ അതിന്റെ ചെലവ് പങ്കിടാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറാകണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്താന്‍ പര്യടനം ശ്രീലങ്ക വേണ്ടെന്ന് വെച്ചാല്‍ യു.എ.ഇയിലായിരിക്കും ടെസ്റ്റ് പരമ്പര നടക്കുക. അങ്ങനെയെങ്കില്‍ അതിനുള്ള ചെലവ് സംയുക്തമായി വഹിക്കേണ്ടി വരുമെന്ന് പി.സി.ബി ചെയര്‍മാന്‍ ഇസാന്‍ മണി സൂചിപ്പിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബറിലാണ് ടെസ്റ്റ് പരമ്പര നിശ്ചയിച്ചിട്ടുള്ളത്.

സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ കറാച്ചിയിലും ലാഹോറിലുമായി വിജയകരമായി നടന്ന പരിമിത ഓവർ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കന്‍ ടീമിനെ രണ്ട് ഐ.സി.സി ലോക ചാമ്പ്യൻഷിപ്പ് ടെസ്റ്റ് മത്സരങ്ങൾക്കായി അയക്കാന്‍ പി.സി.ബി ക്ഷണിച്ചിട്ടുണ്ട്. ഐ‌.സി.‌സി ബോർഡ് യോഗങ്ങൾക്കായി ദുബൈയിലെത്തിയ പി‌.സി‌.ബി ചെയർമാൻ ഇസാൻ മണി, സി.‌ഇ‌.ഒ വസീം ഖാൻ എന്നിവരാണ് ടെസ്റ്റ് പരമ്പരയുടെ ചെലവ് സംബന്ധിച്ച സൂചന നല്‍കിയത്. യു.‌എ.ഇയിൽ ടെസ്റ്റ് പരമ്പര കളിക്കാൻ ശ്രീലങ്ക നിർബന്ധിച്ചാൽ ചെലവുകൾ വഹിക്കണമെന്ന് ശ്രീലങ്കൻ ബോര്‍ഡിനെ പി.സി.ബി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

പാകിസ്താനിലെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ശരിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഐ.സി.സിയെയും ശ്രീലങ്കൻ ബോർഡ് അധികൃതരെയും ബോധ്യപ്പെടുത്തിയതിനുശേഷവും യു.എ.ഇയിൽ പരമ്പര നടത്താൻ ശ്രീലങ്കൻ ബോർഡ് നിർബന്ധം പിടിച്ചാല്‍ ചെലവ് പങ്കിടുക എന്നതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് പി‌.സി.‌ബിയുടെ നിലപാട്. അടുത്തിടെ നടന്ന വൈറ്റ്-ബോൾ പരമ്പരയ്ക്കായി പാകിസ്താനിലെത്തിയ ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എൽ‌സി) മേധാവി ഷമ്മി സിൽവ, നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ലങ്കന്‍ താരങ്ങളും സ്റ്റാഫുകളും സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത നിയന്ത്രങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ടീം അംഗങ്ങള്‍ ഹോട്ടലിൽ മാത്രമായി ഒതുങ്ങിയിരിക്കേണ്ടി വന്നെന്നും സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നും സില്‍വ പറഞ്ഞു.

Tags:    

Similar News