തകർത്തടിച്ച് ഫ്രേസർ; അവസാന ഓവറിൽ മുംബൈ വീണു, ഡൽഹിക്ക് 10 റൺസ് ജയം

മുംബൈയുടെ തുടക്കം മികച്ചതായിരുന്നില്ല. ഇഷാൻ കിഷൻ(20), രോഹിത് ശർമ(8), സൂര്യകുമാർ യാദവ്(26) എന്നീ വൻതോക്കുകളെ പവർപ്ലെയിൽ തന്നെ നഷ്ടമായി.

Update: 2024-04-27 14:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ദില്ലി: ഈഡൻഗാർഡനിൽ കണ്ടതുപോലെ തകർപ്പൻ റൺചേസ് അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ പ്രതീക്ഷിച്ചവർക്ക് നിരാശ. അവസാന ഓവർ ത്രില്ലറിൽ മുംബൈയെ 10 റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 24 റൺസ് വിജയത്തിന് വേണ്ടിയിരുന്ന മുംബൈക്ക് 14 റൺസ് മാത്രമാണ് നേടാനായത്.  ഡൽഹി പടുത്തുയർത്തിയ 257 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഹാർദികിനും സംഘത്തിന്റേയും പോരാട്ടം 247ൽ അവസാനിച്ചു. അർധസെഞ്ച്വറിയുമായി തിലക് വർമ ഒരിക്കൽകൂടി മുംബൈ നിരയിൽ തിളങ്ങി. ഇംപാക്ട് പ്ലെയറായെത്തിയ ഡൽഹി യുവപേസർ റാസിഖ് സലിം മൂന്ന് വിക്കറ്റുമായി മികച്ചുനിന്നു. സ്‌കോർ: ഡൽഹി 20 ഓവറിൽ 257-4, മുംബൈ: 20 ഓവറിൽ 247-9

ബിഗ് ടോട്ടൽ ലക്ഷ്യമിട്ടിറങ്ങിയ മുംബൈയുടെ തുടക്കം മികച്ചതായിരുന്നില്ല. ഇഷാൻ കിഷൻ(20), രോഹിത് ശർമ(8), സൂര്യകുമാർ യാദവ്(26) എന്നീ വൻതോക്കുകളെ പവർപ്ലെയിൽ തന്നെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഹാർദിക്-തിലക് വർമ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. 24 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 46 റൺസെടുത്ത് പാണ്ഡ്യയെ പുറത്താക്കി ഇംപാക്ട് പ്ലെയറായെത്തിയ യുവപേസർ റാസിക് സലാം ബ്രേക്ക് ത്രൂനൽകി. തുടർന്ന് എത്തിയ നേഹൽ വധേര(4)യേയും റാസിഖ് മടക്കി. ഏഴാമനായി ക്രീസിലെത്തിയ ടിം ഡേവിഡ് (17 പന്തിൽ 37) അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ വീണ്ടും വിജയപ്രതീക്ഷ. എന്നാൽ 18ാം ഓവറിൽ ഡേവിഡിനെ വിക്കറ്റിന് മുന്നിൽ കുരുക്കി നിർണായക വിക്കറ്റ് നേടി മുകേഷ് കുമാർ ഡൽഹിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അഫ്ഗാൻ ബിഗ് ഹിറ്റർ മുഹമ്മദ് നബി(7)യും വേഗത്തിൽ മടങ്ങിയതോടെ കളി കൈവിട്ടനിലയിലായി. അവസാനം വരെ പൊരുതിയ തിലക് വർമകൂടി വീണതോടെ തോൽവി ഉറപ്പായി. 32 പന്തിൽ നാല് ഫോറും സിക്‌സറും സഹിതം 63 റൺസാണ് തിലക് സ്‌കോർ ചെയ്തത്.

സ്വന്തം തട്ടകമായ അരുൺജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിലാണ് 257 റൺസ് കുറിച്ചത്. ക്രീസിലിറങ്ങിയവരെല്ലാം ഡൽഹിയാക്കിയ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഓസീസ് താരം ഫ്രേസർ മക്ഗുർക്ക് അർധസെഞ്ച്വറി നേടി. 27 പന്തിൽ 11 ഫോറും ആറു സിക്സറും സഹിതം 84 റൺസാണ് യുവതാരം അടിച്ചെടുത്തത്.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സ് 25 പന്തിൽ 48 റൺസുമായി പുറത്താകാതെനിന്നു. ഷായ് ഹോപ്സ്(17 പന്തിൽ 41), അഭിഷേക് പൊറേൽ(27 പന്തിൽ 36), ക്യാപ്റ്റൻ ഋഷഭ് പന്ത്( 19 പന്തിൽ 29), അക്സർ പട്ടേൽ(6 പന്തിൽ 11) എന്നിവരും മികച്ച പിന്തുണ നൽകി. മുംബൈ നിരയിൽ പതിവുപോലെ ജസ്പ്രീത് ബുംറ ഒരുവിക്കറ്റുമായി മികച്ചുനിന്നു. ലുക് വുഡ്, പീയുഷ് ചൗള, മുഹമ്മദ് നബി എന്നിവരും ഓരോവിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News