കളിക്കാനുണ്ടോ ? ദക്ഷിണാഫ്രിക്കന്‍ ടീമിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പി.സി.ബി

ഡിസംബറിൽ റാവൽപിണ്ടിയിലും കറാച്ചിയിലുമായി നിശ്ചയിച്ചിരിക്കുന്ന രണ്ട് ടെസ്റ്റുകൾ കളിക്കാൻ ടീമിനെ അയക്കാന്‍ ശ്രീലങ്കൻ ബോർഡ് സന്നദ്ധരാണെന്നതിന്റെ സൂചനകൾ ലഭിച്ചതായി ലാഹോറിൽ ഖാൻ പറഞ്ഞു.   

Update: 2019-11-02 06:54 GMT
Advertising

അടുത്ത മാർച്ചിൽ നടക്കുന്ന ടി 20 പരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). പി.സി.ബി സി.ഇ.ഒ വസീം ഖാനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറിൽ റാവൽപിണ്ടിയിലും കറാച്ചിയിലുമായി നിശ്ചയിച്ചിരിക്കുന്ന രണ്ട് ടെസ്റ്റുകൾ കളിക്കാൻ ടീമിനെ അയക്കാന്‍ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സന്നദ്ധരാണെന്നതിന്റെ ശുഭ സൂചനകൾ ലഭിച്ചതായും ലാഹോറിൽ മാധ്യമങ്ങളോട് സംസാരിച്ച ഖാൻ പറഞ്ഞു.

പാകിസ്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള കവാടങ്ങൾ തുറന്നിരിക്കുന്നു. ടി 20, ഏകദിന പരമ്പരകൾക്കായി ശ്രീലങ്കൻ ടീം അടുത്തിടെ നടത്തിയ പര്യടനം തങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നതിൽ സംശയമില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീലങ്കൻ ബോർഡ് പര്യടനം സംബന്ധിച്ച് സ്ഥിരീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ടി 20 പരമ്പരക്ക് ദേശീയ ടീമിനെ പാകിസ്താനിലേക്ക് അയയ്ക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി ചർച്ച നടക്കുന്നുണ്ടെന്ന് പി.സി.ബി അധികൃതർ വ്യക്തമാക്കി.

ഒക്ടോബറിൽ നടക്കുന്ന ലോക ടി 20 ചാമ്പ്യൻഷിപ്പിന് ഒരുങ്ങാൻ ഈ പരമ്പര ഇരു ടീമുകളെയും സഹായിക്കുമെന്നതിനാൽ മാർച്ച് അവസാനത്തോടെ ദക്ഷിണാഫ്രിക്കന്‍ ടീം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഖാന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ബോർഡ് അനുകൂലമായ മറുപടി നൽകിയിട്ടുണ്ടെന്നും അടുത്ത വർഷം പര്യടനം നടക്കുമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.

നിലവിൽ ബംഗ്ലാദേശ് വനിതാ ടീമും അവരുടെ അണ്ടര്‍ 16 ടീമും പാകിസ്താനിൽ പരമ്പര കളിക്കുന്നുണ്ട്. ഇത് നല്ല സൂചനയാണെന്നും അടുത്ത വർഷം ആദ്യം ബംഗ്ലാദേശ് ബോർഡ് തങ്ങളുടെ സീനിയർ ടീമിനെ ടെസ്റ്റ്, ടി 20 പരമ്പരകൾക്കായി അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖാന്‍ പറഞ്ഞു.

Tags:    

Similar News