സഹതാരം 'കൊറോണയേക്കാൾ മോശ'മെന്ന് ഗെയിൽ; നടപടിയുമായി വീൻഡീസ് ബോർഡ്

കരീബിയൻ പ്രീമിയർ ലീഗ് ടീമായ ജമൈക്ക തല്ലവാസിൽ നിന്ന താൻ പുറത്താവാൻ കാരണം സർവൻ ആണെന്ന് ആരോപിച്ചാണ് ഗെയിൽ മുൻ ദേശീയതാരത്തിനെതിരെ മോശം പ്രതികരണം നടത്തിയത്.

Update: 2020-05-13 11:32 GMT
Advertising

വെസ്റ്റ് ഇൻഡീസ് ടീമിലെ തന്റെ മുൻ സഹതാരം റാം നരേഷ് സർവനെ 'കൊറോണയേക്കാൾ മോശം' എന്നു വിശേഷിപ്പിച്ച ക്രിസ് ഗെയിലിനെതിരെ നടപടിയെടുക്കുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്. ഗെയിലിനെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്നും എന്നാൽ അത് 40-കാരന്റെ കരിയർ അവസാനിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് തലവൻ റിക്കി സ്‌കറിറ്റ് പറഞ്ഞു.

കരീബിയൻ പ്രീമിയർ ലീഗ് ടീമായ ജമൈക്ക തല്ലവാസിൽ നിന്ന താൻ പുറത്താവാൻ കാരണം സർവൻ ആണെന്ന് ആരോപിച്ചാണ് ഗെയിൽ മുൻ ദേശീയതാരത്തിനെതിരെ മോശം പ്രതികരണം നടത്തിയത്. സർവൻ ടീമിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നതായും അതിനുവേണ്ടി അദ്ദേഹവും ടീം ഉടമയും തമ്മിൽ ഗൂഢാലോചന നടത്തി തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഗെയിൽ ആരോപിച്ചു.

'സർവൻ, ഇപ്പോൾ താങ്കൾ കൊറോണ വൈറസിനേക്കാൾ മോശമാണ്. തല്ലവാസിൽ താങ്കൾ ചില കളികൾ കളിക്കുന്നുണ്ടെന്ന കാര്യവും താങ്കളും ഉടമയും അടുപ്പക്കാരാണെന്നതും പരസ്യമായ കാര്യമാണ്.' എന്നാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഗെയിൽ പറഞ്ഞത്. 2020 സീസണിൽ സെന്റ് ലൂസിയ സൂക്ക്‌സിനു വേണ്ടിയാണ് ഗെയിൽ കളിക്കുക.

വെസ്റ്റ് ഇൻഡീസ് ലീഗിൽ കളിക്കാൻ കരാറൊപ്പിട്ട ഒരു കളിക്കാരനിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നതല്ല ഗെയിലിന്റെ വാക്കുകളെന്നും വെറ്ററൻ താരത്തിന്റെ പ്രതികരണം ദൗർഭാഗ്യകരമാണെന്നും റിക്കി സ്‌കറിറ്റ് പറഞ്ഞു. 'ഗെയിലിന്റെ കരിയറിൽ ഇതൊരു വലിയ വിഷയമാകില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇക്കാരണം കൊണ്ട് ഗെയിലിന് കരിയർ അവസാനിപ്പിക്കേണ്ടി വരില്ലെന്നും ഞാൻ കരുതുന്നു.' - അദ്ദേഹം പറഞ്ഞു.

Tags:    

Similar News