മരക്കാര്‍ പ്രദര്‍ശനത്തിന് സ്റ്റേ ഇല്ല

കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Update: 2020-02-28 16:02 GMT
Advertising

മോഹന്‍ലാല്‍ ‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹൈക്കോടതി.

കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു, ചിത്രത്തിന്റെ പ്രദര്‍ശനം തടയണം, കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല തുടങ്ങിയ കാര്യങ്ങളാണ് മുഫീദയുടെ ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയില്‍ അനാവശ്യമായി കത്രിക വയ്ക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും പറയുന്നത്.

കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. 100 കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    

Similar News