സുരേശന്‍റേയും സുമലതയുടേയും ചാരുവേടത്തി, മറഡോണയിലെ ആശ, ശരണ്യ വേറെ ലെവൽ

Update: 2024-05-23 06:36 GMT
Editor : geethu | Byline : Web Desk
Advertising

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശന്‍റേയും സുമലതയുടേയും പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ആരാധകർ മുമ്പേ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രതീഷ് ബാലകൃഷ്ണ പൊതുവാൾ 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യുമായി വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ '1000 കണ്ണുമായി' കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.

പ്രതീക്ഷകൾ തെറ്റിക്കാതെ ശരിക്കും ഹൃദയഹാരിയായ അനുഭവമായി സുരേശന്റേയും സുമലതയുടേയും പ്രണയകഥ. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ന്നാ താൻ കേസ് കൊട്' ചിത്രത്തിന്റെ സ്പിൻ ഓഫായ സുരേശന്റെയും സുമലതയുടെയും പ്രണയകഥയിൽ കുഞ്ചാക്കോ ബോബൻ അതിഥിതാരമായി എത്തുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രാജേഷ് മാധവനും ചിത്ര എസ് നായരുമാണ്. സുമലതയുടെ അച്ഛൻ സുധാകരനായി എത്തി സുധീഷും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

 

പുതിയ താരങ്ങളും പുതിയ കഥപറച്ചിൽ രീതിയും പാട്ടിലെ ഫ്രഷ്നെസുമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.

സ്വന്തം ചാരുവേടത്തി

റൊമാന്റിക് ഫാന്റസി ചിത്രത്തിൽ രാജേഷും ചിത്രയും സുധീഷും എല്ലാം നിറഞ്ഞാടുമ്പോൾ

പ്രേക്ഷകരുടെ കണ്ണുടക്കിയ മറ്റൊരു കഥാപാത്രമുണ്ട്, ചാരുവേടത്തി. മറഡോണയിൽ ആശയായി എത്തി എല്ലാവരെയും ഞെട്ടിച്ച ശരണ്യ രാമചന്ദ്രനാണ് 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയിൽ ചാരുവേടത്തിയായി എത്തുന്നത്.

നാടകത്തിന് കഥാപാത്രത്തോളം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ​ചാരുവേടത്തിയായ പക്വതയാർന്ന പ്രകടനമാണ് ശരണ്യയുടേത്. ചിത്രത്തിലെ സംഗീത നാടകത്തിൽ സദാരമയായി എത്തുന്ന ചാരുവേടത്തി പെട്ടന്നൊന്നും പ്രേക്ഷകരുടെ മനസിൽ നിന്ന് മായില്ല.

അളങ്കം, അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമകളിലൂടെ ശ്രദ്ധേയയാണ് ശരണ്യ. '2 സ്റ്റേറ്റ്സ്', 'മൈ നെയിം ഈസ് അഴകൻ' എന്നീ സിനിമകളിൽ നായികയായി എത്തിയ ശരണ്യയുടെ കരിയർ ബ്രേക്ക് ചിത്രമായിരിക്കും ഹൃദയഹാരിയായ പ്രണയകഥ. 'ജാൻസി' എന്ന വെബ് സീരീസിലൂടെ തെലുങ്കിലും ശരണ്യ തുടക്കം കുറിച്ചിട്ടുണ്ട്.

 

ജിനു ജോസഫ്, എം. തമ്പാൻ, ബാബു അന്നൂർ, അജിത്ത് ചന്ദ്ര, തുഷാര തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നാടകത്തിന് പ്രാധാന്യം നൽകുന്ന ഹൃദയഹാരിയായ പ്രണയകഥയിൽ കാസർകോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ‌ നിന്നുള്ള യഥാർഥ നാടക കലാകാരന്മാരും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു.

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സബിൻ ഉരാളുകണ്ടി. ഡോൺ വിൻസെന്റിന്റെ സം​ഗീതത്തിന് വരികളെഴുത്തിയിരിക്കുന്നത് വൈശാഖ് സു​ഗുണൻ ആണ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News