കർഷക സമരം അട്ടിമറിക്കാൻ പദ്ധതി; ചുരുളഴിഞ്ഞത് വൻ ഗൂഢാലോചന

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ വെടിവയ്ക്കാനായിരുന്നു പദ്ധതി

Update: 2021-01-23 08:00 GMT
Advertising

ന്യൂഡല്‍ഹി: പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് കര്‍ഷക സമരം അട്ടിമറിക്കാനുള്ള അക്രമികളുടെ ശ്രമം തകര്‍ത്തതിന് പിന്നില്‍ കര്‍ഷകരുടെ അതീവ ജാഗ്രത. ഏതു നിമിഷവും ഇത്തരത്തിലുള്ള നുഴഞ്ഞു കയറ്റം ഉണ്ടാകാമെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് കൃത്യമായി മുന്‍കൂട്ടിക്കണ്ടതു കൊണ്ടാണ് അട്ടിമറി ശ്രമം നിഷ്ഫലമാക്കാനായത്.

വെള്ളിയാഴ്ച രാത്രിയാണ് സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനും നാല് നേതാക്കള്‍ക്കെതിരെ വെടിയുതിര്‍ക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്. രാത്രി വാര്‍ത്താ സമ്മേളനം വിളിച്ചാണ് കര്‍ഷകര്‍ ഇക്കാര്യം അറിയിച്ചത്.

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ വെടിവയ്ക്കാനായിരുന്നു പദ്ധതി. പത്തംഗ സംഘത്തെ ഇതിനായി പരിശീലനം നല്‍കി നിര്‍ത്തിയിട്ടുണ്ട് എന്നാണ് ഇയാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മുഖം മൂടി ധരിച്ച് ഹാജരാക്കിയ ഇയാളെ പിന്നീട് ഹരിയാന പൊലീസിന് കൈമാറി.

കര്‍ഷക റാലി അലങ്കോലമാക്കാന്‍ പൊലീസിന്റെ സഹായത്തോടെ പദ്ധതിയിട്ടു എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഗൂഢാലോചന നടത്തിയ പൊലീസുകാരുടെ പേരും അയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.

ട്രാക്ടര്‍ റാലി ഡല്‍ഹി പൊലീസ് തടയുന്ന വേളയില്‍ വെടിയുതിര്‍ക്കാനായിരുന്നു പദ്ധതി. സമരക്കാര്‍ക്ക് ആദ്യം പൊലീസ് മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് താഴെ വെടിവയ്ക്കാനായിരുന്നു പദ്ധതി- ഇയാള്‍ പറഞ്ഞു.

അതിനിടെ, കര്‍ഷക സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ പത്താംവട്ട കൂടിക്കാഴ്ചയും നിഷ്ഫലമായി. ഒന്നര വര്‍ഷത്തേക്ക് പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ല എന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ കര്‍ഷകര്‍ അതു തള്ളുകയായിരുന്നു.

Tags:    

Similar News