‘ഫണ്ട് മുഴുവനും മുസ്‍ലിംകൾക്ക് മാത്രം’; വിവാദ വീഡിയോയുമായി ബി.ജെ.പി

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

Update: 2024-05-05 09:31 GMT

ബംഗളൂരു: കോൺഗ്രസ് സർക്കാർ ഫണ്ട് മുഴുവനും മുസ്‍ലിംകൾക്ക് മാത്രമാണ് നൽകുന്നതെന്ന് കാണിച്ചുകൊണ്ടുള്ള ആനിമേറ്റഡ് വീഡിയോയുമായി ബി.ജെ.പി. വീഡിയോയിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഒരു കൊട്ടയിൽ മുട്ടയുടെ രൂപത്തിലാണ് ചിത്രീകരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ രൂപമുള്ള ആനിമേറ്റഡ് കഥാപാത്രം ഈ കൊട്ടയിൽ മുസ്‍ലിം എന്ന പേരുള്ള മുട്ടയും വെക്കുന്നു. മുട്ട വിരിഞ്ഞശേഷം തൊപ്പിയിട്ട മുസ്‍ലിം കുഞ്ഞിന് മാത്രം ഫണ്ട് നൽകുന്നതായാണ് കാണിക്കുന്നത്. കൂടാതെ കൊട്ടയിലുള്ള മറ്റു കുഞ്ഞുങ്ങളെ പുറത്താക്കുകയും ചെയ്യുന്നുണ്ട്. രാഹുലിന് സമീപം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വീഡിയോയിൽ കാണാം. ‘സൂക്ഷിക്കുക, സൂക്ഷിക്കുക’ എന്ന അടിക്കുറി​പ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Advertising
Advertising

വീഡിയോക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, ഐ.ടി സെൽ മേധാവി അമിത് മാളവ്യ, കർണാടക ഘടകം മേധാവി ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാൻ മുസ്‍ലിംകളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒറ്റരാത്രി കൊണ്ട് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി കർണാടകയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ വിവാദ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കെ.പി.സി.സി മീഡിയ കമ്മ്യൂണിക്കേഷൻസ് വിഭാഗം അധ്യക്ഷൻ രമേശ് ബാബുവാണ് വീഡിയോക്കെതിരെ പരാതി നൽകിയത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല, 1989ലെ എസ്‌.സി/എസ്.ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ഇടയാക്കും.

കോൺഗ്രസിന് വോട്ട് ചെയ്യരുതെന്ന് എസ്.സി, എസ്.ടി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുകയാണ് അവർ. കൂടാതെ ഈ വിഭാഗങ്ങളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രമേശ് ബാബു ആവശ്യപ്പെട്ടു. 



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News