എല്‍ ക്ലാസിക്കോ; റയല്‍ വെള്ളം കുടിക്കും

ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്

Update: 2019-12-06 07:15 GMT
Advertising

ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നിലവില്‍ റയല്‍ മാഡ്രിഡ് കാഴ്ച്ചവെക്കുന്നത്. ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ സീസണിലെ പരിതാപകരായ അവസ്ഥയില്‍ നിന്നും അവരുടെ പ്രതാപകാലത്തേക്കുള്ള വഴിയിലാണ് റയല്‍. അവസാനത്തെ എട്ട് മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയം രുചിക്കാതെയാണ് സിദാന്‍റെ കുട്ടികളുടെ മുന്നേറ്റം.

എന്നാല്‍ എല്‍ക്ലാസിക്കോയില്‍ കാര്യം അത്ര എളുപ്പമാകില്ല. കാരണം റയല്‍ മാഡ്രിഡിന്റെ അക്രമണത്തിന്‍റെ കുന്തമുന ഈഡന്‍ ഹസാര്‍ഡും പ്രതിരോധ താരം മാര്‍സലോയും പരിക്കിന്‍റെ പിടിയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അങ്ങനെയാണെങ്കില്‍ ഈ സൂപ്പര്‍ താരങ്ങള്‍ എല്‍ക്ലാസിക്കോയില്‍ ഉണ്ടാവില്ല.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുമായി നടന്ന മത്സരത്തില്‍ നെരിയാണിക്കേറ്റ പരിക്കാണ് ഹസാര്‍ഡിന് കളിക്കളത്തിലെ ബന്ധവൈരികളായ ബാഴ്സയുമായുള്ള മത്സരം നഷ്ടമാക്കുന്നത്. വ്യാഴാഴ്ച്ച ക്ലബ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരിക്ക് മാറിയിട്ടില്ലെന്നും എപ്പോള്‍ കളത്തിലേക്ക് തിരിച്ചുവരുമെന്ന് പറയാനാവില്ലെന്നും പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം റയല്‍ ടീമിന്റെ കൂടെ ഡിന്നര്‍ കഴിക്കാന്‍ ഹസാര്‍ഡ് ഊന്നുവടിയിലാണ് വന്നതെന്നും തിരിച്ചെന്ന് കളത്തിലെത്തുമെന്ന് അറിയില്ലെങ്കിലും ഈ വര്‍ഷം ഇനി കളത്തിലെത്താന്‍ സാധ്യതയില്ലെന്നുമാണ് സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍സലോക്കും കാലിന്‍റെ പരിക്ക് കാരണം എല്‍ക്ലാസിക്കോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മാര്‍ക്ക റിപോര്‍ട്ട് ചെയ്യുന്നു. ഈ മാസം 19ന് ബാഴ്‌സയുടെ തട്ടകമായ നൗ കാമ്പിലാണ് ആദ്യ എല്‍ക്ലാസിക്കോ മത്സരം.

Tags:    

Similar News