മെസിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരം തടസപ്പെടുത്തിയ ആരാധകനെതിരെ ക്രിമിനല്‍ നടപടി

കോവിഡിനെ തുടര്‍ന്ന് കാണികളെ ഒഴിവാക്കി കര്‍ശന നിയന്ത്രണങ്ങളോടെ നടന്ന ബാഴ്‌സലോണയുടെ മത്സരത്തിനിടെയായിരുന്നു ആരാധകന്റെ അതിക്രമം...

Update: 2020-06-14 12:37 GMT
Advertising

ലയണല്‍ മെസിക്കൊപ്പം സെല്‍ഫിയെടുക്കാനെന്ന പേരില്‍ ബാഴ്‌സലോണ റിയല്‍ മല്ലോര്‍ക്ക് മത്സരത്തിനിടെ അതിക്രമിച്ച് കയറിയ ആരാധകനെതിരെ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് ലാ ലിഗ അധികൃതര്‍. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികളെ ഒഴിവാക്കിയാണ് ലാ ലിഗയില്‍ മത്സരങ്ങള്‍ നടക്കുന്നത്. ഇതിനിടെ കളിക്കൊരുടെ തൊട്ടടുത്തുവരെ അതിക്രമിച്ചു കയറിയ ആള്‍ എത്തിയത് വലിയ സുരക്ഷാ വീഴ്ച്ചയായാണ് ലാ ലിഗ വിലയിരുത്തുന്നത്.

കൊറോണ വൈറസ് പകരുന്നത് നിയന്ത്രിക്കാനായി ലാ ലിഗ അധികൃതര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയായിരുന്നു മെസിയുടെ പേരെഴുതിയ അര്‍ജന്റീന ജേഴ്‌സി ധരിച്ച ആരാധകന്റെ കടന്നുകയറ്റം. ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും വകവെക്കാതെ സുരക്ഷാ ജീവനക്കാരെ മറികടന്നാണ് ഇയാള്‍ സ്റ്റേഡിയത്തിനകത്തെത്തിയതെന്നാണ് ലാ ലിഗ അധികൃതര്‍ ഞായറാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്.

ये भी पà¥�ें- ബാഴ്‌സലോണയുടെ മത്സരത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച്ച, മെസിക്ക് തൊട്ടടുത്ത് ആരാധകന്‍

ലാ ലിഗ മത്സരത്തിന്റെ പ്രാധാന്യത്തെ പോലും ചോദ്യം ചെയ്യുന്ന സംഭവമായാണ് ഈ ആരാധകന്റെ കടന്നുകയറ്റത്തെ ലാലിഗ വിശേഷിപ്പിക്കുന്നത്. ഇത്തരം കടന്നുകയറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ആരാധകനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് ലാലിഗ അധികൃതരുടെ തീരുമാനമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ബാഴ്സലോണ മല്ലോര്‍ക്കയെ നാല് ഗോളിന് തോല്‍പ്പിച്ച മത്സരത്തിനിടെയായിരുന്നു ആരാധകന്റെ കടന്നുകയറ്റം. പിന്നീട് സ്പാനിഷ് റേഡിയോ കാഡെന കോപിനോട് മല്ലോര്‍ക്കയിലെ താമസക്കാരനായ ഒരു ഫ്രഞ്ചു പൗരനാണ് താനെന്ന് ഇയാള്‍ പറഞ്ഞു.

ये भी पà¥�ें- നാല് ഗോള്‍ ജയത്തോടെ ബാഴ്‌സലോണ, അരങ്ങിലും അണിയറയിലും മെസി

മത്സരത്തിന്റെ ഇടവേളക്ക് തൊട്ടു മുമ്പ് രണ്ട് മീറ്റര്‍ ഉയരമുള്ള സുരക്ഷാ മതില്‍ ചാടിക്കടന്നാണ് ഇയാള്‍ സ്റ്റേഡിയത്തിനകത്തെത്തിയതെന്ന് കരുതപ്പെടുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ആരാധകന്റെ കളിക്കളത്തിലേക്കുള്ള കടന്നുകയറ്റം. മെസിയുടെ തൊട്ടരികില്‍ വെച്ചാണ് ഇയാളെ സ്റ്റേഡിയം സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടിയത്.

'കളി നടക്കുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ഇതിന് ഞാന്‍ പദ്ധതിയിട്ടിരുന്നു. ഏറെ ആരാധിക്കുന്ന മെസിക്കൊപ്പം ഒരു ഫോട്ടോ എടുക്കുക മാത്രമായിരുന്നു ലക്ഷ്യം. അത്ര വ്യക്തമല്ലാത്ത ഒരു ഫോട്ടോ എടുക്കാനായെങ്കിലും പിന്നീട് പൊലീസ് അത് ഫോണില്‍ നിന്നും നീക്കം ചെയ്തു. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു' എന്നായിരുന്നു പേരു വെളിപ്പെടുത്താത്ത കടന്നുകയറ്റക്കാരന്‍ ആരാധകന്റെ പ്രതികരണമെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Tags:    

Similar News