ഗോൾഡൻ സിൽവ;ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പ് ഫൈനലിൽ

ദിവസങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായ നീലപടക്ക് ചെൽസിക്കെതിരായ ജയം ആശ്വാസമായി.

Update: 2024-04-20 18:54 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് ഫൈനലിൽ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശപോരിൽ മുൻ ചാമ്പ്യൻമാരായ ചെൽസിയെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കിയാണ് കലാശകളിക്ക് യോഗ്യതനേടിയത്. 84ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് സിറ്റിക്കായി വലകുലുക്കിയത്. ദിവസങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗിൽ റയൽമാഡ്രിഡിനോട് തോറ്റ് പുറത്തായ നീലപടക്ക് ചെൽസിക്കെതിരായ വിജയം ആശ്വാസമായി.

ജർമി ഡോകു ബോക്‌സിലേക്ക് നൽകിയ പന്ത് കൃത്യമായി സ്വീകരിച്ച കെവിൻ ഡിബ്രുയിനെ രണ്ട് ചെൽസി താരങ്ങൾക്കിടയിലൂടെ ജൂലിയൻ ആൽവാരസിനെ ലക്ഷ്യമാക്കി നൽകി. ചെൽസി പ്രതിരോധത്തിൽതട്ടിതെറിച്ചുവന്ന പന്ത് തക്കംപാത്തിരുന്ന ബെർണാഡോ സിൽവ കൃത്യമായി പോസ്റ്റിലേക്ക് തട്ടിയിട്ടു. ചാമ്പ്യൻസ് ലീഗിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ പോർച്ചുഗീസ് താരത്തിന്റെ മധുര പ്രതികാരം.

തുടക്കം മുതൽ സിറ്റി അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച ചെൽസിക്ക് അവസാന അഞ്ചുമിനിറ്റിൽ പിഴക്കുകയായിരുന്നു. ഫോമിലില്ലാത്ത സ്‌ട്രൈക്കർ എർലിങ് ഹാളണ്ട് സിറ്റി നിരയിൽ ഇടംപിടിച്ചില്ല. പന്തടക്കത്തിൽ സിറ്റി മുന്നിലാണെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ ചെൽസി എതിരാളികളെ വിറപ്പിച്ചു. സിറ്റി മൂന്നുതവണയും ചെൽസി നാലു തവണയും ലക്ഷ്യത്തിലേക്ക് നിറയുതിർത്തു. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ കവൻട്രി സിറ്റിയെ നേരിടും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News