'ഗോൾകീപ്പർ അല്ലാത്ത ഒരാൾക്കും ഈ പൊസിഷൻ എത്ര ദുഷ്കരമാന്നെന്ന് അറിയില്ല' ; ടോട്ടൻഹാം കീപ്പർ അന്റോണിൻ കിൻസ്കിയെ പിന്തുണച്ച് ഡി ഹേയ

Update: 2026-03-11 08:56 GMT

മാഡ്രിഡ് : ടോട്ടൻഹാമിന്റെ ചെക്ക് ഗോകീപ്പർ അന്റോണിൻ കിൻസ്കിയെ പിന്തുണച്ച് സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹേയ. ഗോൾകീപ്പർ അല്ലാത്ത ഒരാൾക്കും ഈ പൊസിഷനിൽ കളിക്കുന്നത്തിന്റെ പ്രയാസം അറിയില്ലെന്നും തളരാതെ മുന്നോട്ട് പോവൂ എന്നുമാണ് ഡി ഹേയ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ കുറിച്ചത്. അത്‍ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പതിനഞ്ച് മിനുറ്റിനിടെ മൂന്ന് ഗോളുകൾ വഴങ്ങിയ താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വന്ന സാഹചര്യത്തിലാണ് ഡി ഹേയയുടെ പോസ്റ്റ്.

പ്രീ ക്വാർട്ടർ ആദ്യ പാദത്തിലാണ് കിൻസ്കി തന്റെ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം നടത്തുന്നത്. ആറാം മിനുട്ടിൽ മാർക്കോസ് ലോറന്റെയിലൂടെ മുന്നിലെത്തിയ അത്‍ലറ്റികോക്കായി പതിനാലാം മിനുട്ടിൽ ഗ്രീസ്മാനും തൊട്ടടുത്ത മിനുട്ടിൽ ഹൂലിയൻ അൽവാരസും ഗോൾ നേടി. അതിൽ രണ്ടെണ്ണം താരത്തിന്റെ പിഴവിൽ നിന്ന് വന്ന ഗോളുകളായിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ ഇഗോർ ട്യൂഡർ കിൻസ്കിയെ പിൻവലിക്കുകയും വികാരിയോയെ കളത്തിലിറക്കുകയും ചെയ്തു. മത്സരം 5-2ന് ടോട്ടൻഹാം പരാജയപെട്ടു. സീസണിൽ ടോട്ടൻഹാമിന്റെ തുടർച്ചയായ ആറാം തോൽവിയാണിത്.

22 കാരനായ കിൻസ്കി സ്ലാവിയ പ്രാഹയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ടോട്ടൻഹാമിലെത്തുന്നത്. ടീമിനായി ഇതുവരെ ആറ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.  

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News