തോറ്റ് തോറ്റ് ബ്ലാസ്റ്റേഴ്‌സ്; മൂന്നാം മത്സരത്തിൽ ഇന്റർ കാശിക്കെതിരെയും തോൽവി

Update: 2026-02-28 13:52 GMT
Editor : Harikrishnan S | By : Sports Desk

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നാം മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്റർ കാശിക്കെതിരെ 2-1 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. നൗറിസ് പെറ്റ്കവിഷ്യസ്, ആൽഫ്രഡ്‌ പ്ലാനസ് എന്നിവരാണ് ഇന്റർ കാശിക്കായി ഗോൾ നേടിയതെങ്കിൽ സ്‌ട്രൈക്കർ വിക്ടർ ബാർതെമ്യുവാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു അത്. ഇന്റർ കാശിയുടെ സീസണിലെ ആദ്യ ജയമാണിത്.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് മാറ്റങ്ങളുമായാണ് ആതിഥേയർ കളത്തിലിറങ്ങിയത്. മധ്യനിര താരം മതിയാസ്‌ ഹെർണാണ്ടസ്, വിബിൻ മോഹനൻ, കെവിൻ യോക്ക്, ഷഹീഫ് എന്നിവർ ആദ്യ ഇലവനിലേക്ക് വന്നപ്പോൾ, ക്യാപ്റ്റൻ ബികാഷ് യുംനാം, മാർലോൺ, നിഹാൽ സുധീഷ്, റൗളിൻ ബോർജസ് എന്നിവരുടെ സ്ഥാനം നഷ്ടപ്പെട്ടു.

Advertising
Advertising

തുടക്കം മുതൽ പന്ത് കൈവശം വെക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിൽ പക്ഷെ ഗോളുകൾ കണ്ടെത്തുന്നതിൽ പരാജയപെടുകയായിരുന്നു. മത്സരത്തിന്റെ 34ാം മിനിറ്റിൽ ബോക്സിന്റെ വലത് ഭാഗത്ത് നിന്ന് ഉജ്വല ഫിനിഷുമായി നൗറിസ് പെറ്റ്കവേഷ്യസ് ഇന്റർ കാശിക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇരു ടീമുകളും ഇറങ്ങിയത്. എന്നാൽ 78ാം മിനിറ്റിൽ ഇന്റർ കാശി അവരുടെ ലീഡുയർത്തി. നൗറീസിന്റെ പാസിൽ ആൽഫ്രഡ്‌ പ്ലാനസാണ്‌ രണ്ടാം ഗോൾ നേടിയത്. അവസാന പത്ത് മിനിറ്റിൽ എബിൻ ദാസിന്റെ ഫ്രീകിക്കിൽ നിന്ന് ബാർതെമ്യു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ കണ്ടെത്തി. എതിർ ഗോൾ പോസ്റ്റിലേക്ക് 14 തവണ ഷോട്ടുകൾ പായിച്ച ബ്ലാസ്റ്റേഴ്‌സ് വെറും മൂന്ന് തവണ മാത്രമേ ഓൺ ടാർഗെറ്റിൽ ഷോട്ടെടുത്തിട്ടുള്ളു. അതെ സമയം ഇന്റർ കാശി ഏഴു തവണ മാത്രമേ ഷോട്ടെടുത്തിട്ടുള്ളുവെങ്കിലും അതിൽ നാലെണ്ണം ഓൺ ടാർഗറ്റായിരുന്നു അതിൽനിന്ന് രണ്ട് ഗോളുകളും നേടി.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മാർച്ച് ഏഴ് ശനിയാഴ്ച കൊച്ചിയിൽ വെച്ച് തന്നെയാണ് നടക്കുക. ചെന്നൈയിൻ എഫ്‌സിയാണ് മത്സരത്തിൽ എതിരാളി.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News