Writer - razinabdulazeez
razinab@321
റിയാദ്: സൗദി പ്രോ ലീഗിൽ അൽ നജ്മക്കെതിരെ അൽ നസ്റിന് തകർപ്പൻ ജയം. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അൽ നജ്മയെ തകർത്തുവിട്ടത്. ജയത്തോടെ മഞ്ഞപ്പട പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മത്സരത്തിലെ ഏഴാം മിനിറ്റിൽ അൽ നസ്റിന് അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്.
32-ാം മിനിറ്റിൽ ബ്രോസോവിച്ചിന്റെ അസിസ്റ്റിൽ നിന്നും കിങ്സ്ലി കോമാൻ ടീമിന്റെ രണ്ടാം ഗോൾ നേടി. 43-ാം മിനിറ്റിൽ ഇനിഗോ മാർട്ടിനെസ് തൊടുത്തുവിട്ട ലോങ് റേഞ്ചർ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ അൽ നസ്ർ മൂന്ന് ഗോളിന് മുന്നിലെത്തിയിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിലേക്ക് കടന്ന് അധികം വൈകാതെ തന്നെ 52-ാം മിനിറ്റിൽ റൊണാൾഡോയുടെ മികച്ചൊരു പാസിൽ നിന്നും സെനഗലീസ് സൂപ്പർ താരം സാദിയോ മാനെ നാലാം ഗോളും കണ്ടെത്തി. 80-ാം മിനിറ്റിൽ അബ്ദുറഹ്മാൻ ഗരീബ് എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലാക്കി ഇനിഗോ മാർട്ടിനെസ് തന്റെ രണ്ടാം ഗോളും ടീമിന്റെ അഞ്ചാം ഗോളും പൂർത്തിയാക്കി. ഈ വിജയത്തോടെ 58 പോയിന്റുകളുമായി അൽ നസ്ർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അതേസമയം, വെറും 8 പോയിന്റുകൾ മാത്രമുള്ള അൽ നജ്മ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.