സൗദിയുടെ എണ്ണയിതര കയറ്റുമതിയിൽ കഴിഞ്ഞ വർഷം വൻ കുതിച്ചുചാട്ടം
കയറ്റുമതി വിപണിയിൽ ചൈനയും ജപ്പാനുമാണ് സൗദിയുടെ പ്രധാന പങ്കാളികളായി തുടരുന്നത്
റിയാദ്: സൗദിയുടെ എണ്ണയിതര വരുമാനത്തിൽ വൻ കുതിച്ചുചാട്ടം. 2025ന്റെ നാലാം പാദത്തിൽ എണ്ണയിതര കയറ്റുമതിയിൽ 18.6 ശതമാനത്തിന്റെ വളർച്ചയുണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ മൊത്തം വ്യാപാര മിച്ചത്തിൽ 26.3 ശതമാനത്തിന്റെ വളർച്ചയുണ്ടായിട്ടുണ്ട്. എണ്ണയെ മാത്രം ആശ്രയിക്കാത്ത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള സൗദിയുടെ മാറ്റത്തിന് കരുത്തുപകരുന്നതാണ് പുതിയ കണക്കുകൾ.
കയറ്റുമതി വിപണിയിൽ ചൈനയും ജപ്പാനുമാണ് സൗദിയുടെ പ്രധാന പങ്കാളികളായി തുടരുന്നത്. ഡിസംബർ മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ കയറ്റുമതിയുടെ 11.7 ശതമാനം നേടി ജപ്പാൻ ഒന്നാമതെത്തിയപ്പോൾ, ഇറക്കുമതിയിൽ 28.7 ശതമാനവുമായി ചൈനയാണ് മുന്നിൽ. നാലാം പാദത്തിലെ മൊത്തം കണക്കെടുക്കുമ്പോഴും കയറ്റുമതിയിലും ഇറക്കുമതിയിലും ചൈന തന്നെയാണ് സൗദിയുടെ പ്രധാന പങ്കാളി. എണ്ണ കയറ്റുമതിയിലും 3.5 ശതമാനം വർധനവുണ്ടായിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ ആകെ കയറ്റുമതി വരുമാനത്തിൽ എണ്ണയുടെ പങ്ക് മുൻ വർഷത്തെ 70.4 ശതമാനത്തിൽ നിന്നും 67.5 ശതമാനമായി കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്.
ഡിസംബർ മാസത്തിൽ മാത്രം മൊത്തം ചരക്ക് കയറ്റുമതിയിൽ 3 ശതമാനത്തിന്റെ വളർച്ചയാണ് രാജ്യം കൈവരിച്ചത്. പുനർ കയറ്റുമതി മേഖലയിലെ 43.1 ശതമാനം വർധനവ് ഈ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു.ഊർജ മന്ത്രാലയത്തിൽ നിന്നും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിൽ നിന്നുമുള്ള കൃത്യമായ രേഖകൾ പരിശോധിച്ചാണ് അതോറിറ്റി ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.