1.5 ലക്ഷം കോടി റിയാൽ കടന്ന് വ്യവസായ മേഖല; സൗദിയിലെ യാമ്പുവിലും ജുബൈലിലും നിക്ഷേപക കുതിപ്പ്
ഖനനം, ഊർജം, ലോജിസ്റ്റിക്സ് മേഖലകളിലെ ഏകോപിതമായ വികസനമാണ് നിക്ഷേപകരെ ആകർഷിക്കുന്നത്
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ നഗരങ്ങളായ ജുബൈലിലും യാമ്പുവിലും നിക്ഷേപങ്ങൾ റെക്കോർഡ് ഉയരത്തിലേക്ക്. 2025 അവസാനത്തോടെ ഈ നഗരങ്ങളിലെ ആകെ നിക്ഷേപം 1.5 ലക്ഷം കോടി റിയാൽ കവിഞ്ഞതായി റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആന്റ് യാമ്പു പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആന്റ് ലോജിസ്റ്റിക് പ്രോഗ്രാമിന്റെ ഭാഗമായി സൗദിയെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് നിക്ഷേപ വളർച്ചയ്ക്ക് കരുത്തേകിയത്.
വ്യവസായം, ഖനനം, ഊർജം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ ഏകോപിതമായ വികസനമാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കുക, ദേശീയ സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമത കൂട്ടുക, ഉൽപാദന അടിത്തറ വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള 'നാഷണൽ ഇൻഡസ്ട്രിയൽ സ്ട്രാറ്റജി'യുമായി ചേർന്നാണ് ഈ പദ്ധതികൾ മുന്നേറുന്നത്. രാജ്യത്തെ വ്യവസായ നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് റോയൽ കമ്മീഷൻ വ്യക്തമാക്കി.