ഓഫീസിൽ സൈൻ ചെയ്ത് മുങ്ങുന്ന ജീവനക്കാരെ ‌‌പിരിച്ചുവിടാം; ഉത്തരവ് ശരിവെച്ച് സൗദി ഭരണനിർവഹണ കോടതി

ജോലി കൃത്യമായി ചെയ്യുന്നതാണ് ഹാജരായി കണക്കാക്കുക എന്ന് കോടതി വ്യക്തമാക്കി

Update: 2026-04-12 13:27 GMT

‌റിയാദ്:  ജോലിസ്ഥലത്തെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ജീവനക്കാരനെ പിരിച്ചുവിട്ട സർക്കാർ നടപടി ശരിവെച്ച് റിയാദിലെ അഡ്മിനിസ്ട്രേറ്റീവ് കോടതി. കേവലം ഒപ്പിടുന്നത് മാത്രമല്ല, ജോലി കൃത്യമായി ചെയ്യുന്നതാണ് ഹാജരായി കണക്കാക്കുക എന്ന് കോടതി വ്യക്തമാക്കി.

ജോലിയിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ ഒരു സർക്കാർ ജീവനക്കാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. താൻ ജോലിയിൽ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും ഹാജർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വാദിച്ചു. എന്നാൽ ഇയാൾ ഒരു മാസക്കാലം ഹാജർ ബുക്കിൽ ഒപ്പിട്ട ശേഷം ഉടൻ തന്നെ ജോലിസ്ഥലത്ത് നിന്ന് പോകാറുണ്ടായിരുന്നുവെന്ന് അധികൃതർ കണ്ടെത്തി. ഇത് ജോലിയിൽ നിന്നുള്ള വിട്ടുനിൽക്കലായി കണക്കാക്കാമെന്ന് കോടതി വിധിപ്പിച്ചു. ഹാജർ എന്നത് കേവലം ഒപ്പിടുന്നതല്ല, മറിച്ച് ഔദ്യോഗിക ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ഒപ്പിട്ട ശേഷം ജോലി ചെയ്യാതെ പോകുന്നത് ഔദ്യോഗികമായി വിട്ടുനിൽക്കുന്നതിന് തുല്യമാണ്.

മതിയായ കാരണമില്ലാതെ തുടർച്ചയായി 15 ദിവസം അല്ലെങ്കിൽ ഇടവിട്ട ദിവസങ്ങളിലായി 30 ദിവസം ജോലിയിൽ നിന്ന് വിട്ടുനിന്നാൽ ജീവനക്കാരനെ പിരിച്ചുവിടാൻ നിയമം അനുവദിക്കുന്നുണ്ട്. ജീവനക്കാരന്റെ വാദം തള്ളിയ കോടതി, സർക്കാർ വകുപ്പിന്റെ നടപടി നിയമപരമാണെന്ന് വിധിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News