കടുക്കുന്നു, പ്രീമിയർലീഗ് കിരീടപ്പോരാട്ടം; അവസാന ലാപ്പിൽ ആർസനലിനെ മറിച്ചിടുമോ സിറ്റി?
ഏപ്രിൽ 18ന് നടക്കുന്ന സിറ്റി-ആർസനൽ പോരാട്ടം ടൈറ്റിൽ റേസിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
'എത്തിഹാദ് സ്റ്റേഡിയത്തിലെ എല്ലാ വശങ്ങളിലേക്കും വിരൽ ചൂണ്ടി പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി താരങ്ങളോടായി പറഞ്ഞു' കോക്ടെയിൽ കഴിച്ച് ആഘോഷിക്കൂ... ഈ നിമിഷം നിങ്ങളുടേതാണ്'. ന്യൂകാസിൽ യുണൈറ്റഡിനെതിരായ ഈ വിജയം എത്രമാത്രം വിലപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പാനിഷ് കോച്ചിന്റെ മത്സരശേഷമുള്ള ഓരോ വാക്കും പ്രവൃത്തിയും. തിരിച്ചടികളിൽ നിന്ന് തിരിച്ചുവന്ന ഭൂതകാലമാണ് പെപ്പിന് മുന്നിലുള്ളത്. ലിവർപൂളും ആർസനലും ഉയർത്തിയ വെല്ലുവിളിയെ അവസാന ലാപ്പിൽ എങ്ങനെ മറികടക്കണമെന്ന് പലകുറി അയാൾ തെളിയിച്ചതുമാണ്. ആർസനലുമായുള്ള പോയന്റ് വ്യത്യാസം രണ്ടാക്കി കുറച്ച്, പോയ രാവിൽ കൃത്യമായൊരു സന്ദേശമാണ് പെപ്പും സിറ്റിയും നൽകിയത്. അവസാന നിമിഷം വരെയും പോരാട്ടം കടുക്കുമെന്ന മുന്നറിയിപ്പ്.
' അടുത്ത 12 മത്സരങ്ങളിൽ എന്തും സംഭവിക്കാം. പക്ഷെ, പോയന്റ് ടേബിളിനെ കുറിച്ചും ടൈറ്റിൽ റേസിനെ കുറിച്ചും ഞാനെന്റെ പ്ലെയേഴ്സിനോട് സംസാരിക്കാറില്ല. വരാനിരിക്കുന്ന മത്സരം മാത്രമായിരിക്കും ഞങ്ങളുടെ ലക്ഷ്യം'. ന്യൂകാസിൽ യുണൈറ്റഡിനെതിരായ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഗ്വാർഡിയോളുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. കോച്ചിന്റെ പ്രതീക്ഷക്കൊത്ത് താരങ്ങൾ മൈതാനത്ത് കളംവരച്ചപ്പോൾ ന്യൂകാസിൽ പോക്കറ്റിൽ നിന്ന് വിലപ്പെട്ട മൂന്ന് പോയന്റ് കവർന്നെടുക്കാൻ സിറ്റിക്കായി. എർലിങ് ഹാളണ്ട് പലപ്പോഴും ഡാൻ ബേണിന്റെ ടൈറ്റ് മാർക്കിങിൽ കുടുങ്ങിയപ്പോൾ ഗോളടിക്കാനുള്ള ദൗത്യം നിക്കോ ഒറേലി ഭംഗിയായി എക്സിക്യൂട്ട് ചെയ്യുന്നതാണ് മൈതാനക്ക് കണ്ടത്. മധ്യനിരയും പ്രതിരോധവും അച്ചടക്കക്കോടെ 90 മിനിറ്റും കളത്തിൽ തുടർന്നപ്പോൾ സിറ്റിയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ഇനി പോരാട്ടം ആർസനലിന്റെ കോർട്ടിലാണ്. സിറ്റി നൽകിയ സമ്മർദ്ദത്തെ അതിജീവിച്ച് ലണ്ടൻ ഡർബിയിൽ ടോട്ടനത്തെ കീഴടക്കുകയല്ലാതെ ഗണ്ണേഴ്സിന് മുന്നിൽ മറ്റുമാർഗമൊന്നുമില്ല.
ആദ്യ അര മണിക്കൂർ... സിറ്റി-ന്യൂകാസിൽ മത്സരത്തിന്റെ വിധി ഈ സമയം കൊണ്ട് തന്നെ കുറിക്കപ്പെട്ടിരുന്നു. എർലിങ് ഹാളണ്ടിനേയും ഒമർ മർമോഷിനേയും മുൻനിർത്തി 4-1-3-2 ശൈലിയാണ് പെപ് വിന്യസിച്ചതെങ്കിൽ മറുഭാഗത്ത് സ്ഥിരം 4-3-3 ശൈലിയിലായിരുന്നു എഡീ ഹൗവിന്റെ പ്ലാൻ. ആന്റണി ഗോർഡൻ, നിക്ക് വോൾട്ട്മെയ്ഡ്, ആന്റണി എലാങ്ക എന്നിവരെ മുൻനിർത്തി മുൻ ചാമ്പ്യൻമാർക്കെതിരെ ആക്രമിക്കുക തന്നെയായിരുന്നു ന്യൂകാസിലിന്റെ പദ്ധതി.മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മധ്യത്തിൽ നിന്ന് റൂബെൻ ഡിയസ് നൽകിയ ലോങ് ബോൾ സ്വീകരിച്ച് ഇടതുവിങിലൂടെ ബോക്സിലേക്ക് മുന്നേറിയ റയാൻ എയ്റ്റ് നൂരി, ഒമർ മർമോഷിനെ ലക്ഷ്യമാക്കി ക്രോസ് നൽകി. എന്നാൽ താരത്തിലേക്ക് എത്തുംമുൻപ് ന്യൂകാസിൽ ഡിഫൻസ് പന്ത് ക്ലിയർചെയ്ത് അപകടമൊഴിവാക്കി. 14ാം മിനിറ്റിൽ ഇരമ്പിയാർത്ത എത്തിഹാദ് ഗ്യാലറി കാത്തിരുന്ന നിമിഷമെത്തി.
രണ്ട് താരങ്ങളെ ഓടിത്തോൽപ്പിച്ച് മധ്യത്തിൽ നിന്ന് പന്തുമായി കുതിച്ച മർമോഷ് നിക്കോ ഒറെയ്ലിക്കായി മറിച്ചു നൽകി. ന്യൂകാസിൽ താരങ്ങൾ ഗാർഡെടുക്കും മുൻപ് ബോക്സിന് തൊട്ടുപുറത്ത് നിന്ന് ഒറേലിയുടെ ഇടംകാലൻ കിക്ക് ഗോൾകീപ്പറുടെ കൈയ്യിലുരസി വലയിലേക്ക്. 17ാം മിനിറ്റിൽ ആന്റണി ഗോർഡന്റെ സോളോ മുന്നേറ്റം സിറ്റി ഗോൾകീപ്പർ പാടുപെട്ടാണ് തട്ടിയകറ്റിയത്. തൊട്ടടുത്ത മിനിറ്റിൽ മർമോഷിലൂടെ സിറ്റി എതിർ ഗോൾമുഖം വിറപ്പിച്ചതോടെ മത്സരം ആവേശത്തിലേക്ക് വഴിമാറി. 21ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെ ന്യൂകാസിൽ ഗോൾ മടക്കി. പോസ്റ്റിലേക്ക് ഊർന്നിറങ്ങിയ പന്ത് സിറ്റി താരങ്ങൾ തട്ടികയറ്റിയെങ്കിലും നേരെ ന്യൂകാസിൽ താരങ്ങളുടെ കാലുകളിലേക്ക്. ബോക്സിന് പുറത്തുനിന്ന് ലെവിസ് ഹാൾ ഉതിർത്ത ഷോട്ട് സിറ്റി താരങ്ങളുടെ ദേഹത്ത് റിഫ്ളെക്ടായി ഗോൾപോസ്റ്റിലേക്ക്. കാഴ്ചക്കാരനായി നോക്കിനിൽക്കാനേ ഡോണറൂമക്കായുള്ളൂ. എന്നാൽ ന്യൂകാസിൽ ആരാധകരുടെ ആഘോഷത്തിന് അഞ്ചുമിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടതുവിങിലൂടെ മുന്നേറിയ ആന്റോയിൻ സെമന്യോ രണ്ട് ന്യൂകാസിൽ താരങ്ങളുടെ വിടവിലൂടെ ഹാളണ്ടിനെ ലക്ഷ്യമാക്കി ത്രൂബോൾ നൽകി. ഒറ്റടച്ചെടുത്ത ഹാളണ്ട് ബോക്സിന്റെ മൂലയിൽ നിന്ന് ഒറെയ്ലിയെ ലക്ഷ്യമാക്കി അളന്നുമുറിച്ചൊരു ക്രോസ് നൽകി. ഫ്രീ ഹെഡ്ഡറിലൂടെ യുവതാരം പന്ത് വലയിലേക്ക് പ്ലെയ്സ് ചെയ്തു.
മത്സരത്തിൽ സിറ്റിയുടെ നിർണായക ലീഡ്. ആദ്യ പകുതിയിൽതന്നെ ഹാട്രിക്ക് സ്വന്തമാക്കാനുള്ള മികച്ച അവസരം ഒറെയ്ലിക്ക് ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. സമനിലഗോളിനായി ന്യൂകാസിൽ ശ്രമം തുടർന്നെങ്കിലും റൂബെൻ ഡിയസ്- മാർക്ക് ഗുയി സഖ്യത്തെ മറികടക്കാനായില്ല.ആദ്യ പകുതിയുടെ അവസാനം ടൊണാലിയെടുത്ത ഫ്രീകിക്കിൽ തലവെച്ച് ഡാൻ ബേൺ സിറ്റി ഗോൾവല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ചത് ന്യൂകാസിലായിരുന്നു. സിറ്റി ബോക്സിൽ നിരന്തരം ഭീതി സൃഷ്ടിച്ച സന്ദർശകർ ഏതുനിമിഷവും ഗോൾമടക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ കൗണ്ടർ അറ്റാക്കിലൂടെ ഒറ്റപ്പെട്ട നീക്കങ്ങളുമായി സിറ്റിയും ലീഡുയർത്താനായി ശ്രമം നടത്തി. ഏഴ് തവണയാണ് ന്യൂകാസിൽ താരങ്ങൾ ലക്ഷ്യത്തിലേക്ക് നിറയുതിർത്തതെങ്കിൽ അഞ്ചായിരുന്നു സിറ്റിയുടെ ഓൺടാർഗെറ്റ്. ഒടുവിൽ റഫറി ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്വന്തം കാണികൾക്ക് മുന്നിൽ മറ്റൊരു വിജയവും വിലപ്പെട്ട മൂന്ന് പോയന്റും സ്വന്തമാക്കിയ ആഹ്ലാദത്തിലായിരുന്നു സിറ്റി താരങ്ങൾ.
പോയ സീസണിൽ നിന്ന് ആർസനൽ പാഠം പഠിച്ചില്ലേ... ഓരോമാച്ച് വീക്ക് പിന്നിടുമ്പോഴും ഗണ്ണേഴ്സ് പോയന്റ് ഡ്രോപ് ചെയ്യുന്നതിൽ മത്സരിക്കുമ്പോൾ അക്കൗണ്ട് നിറക്കാനുള്ള ശ്രമത്തിലാണ് സിറ്റി. ജനുവരി 17ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോൽവി നേരിട്ട ശേഷം പിന്നീടൊരു പരാജയം രുചിച്ചിട്ടില്ല സിറ്റി.ടോട്ടനത്തിനെതിരെ സമനില വഴങ്ങിയപ്പോൾ ലിവർപൂളിനേയും വോൾവ്സിനേയും ഫുൾഹാമിനേയും തോൽപ്പിച്ചു. മറുഭാഗത്ത് അവസാന രണ്ട് മാച്ചിൽ ബ്രെൻഡ്ഫോഡ്, വോൾവ്സ് എന്നിവർക്കെതിരെ സമനിലയായിരുന്നു ആർട്ടേറ്റയുടെ സംഘത്തിന്റെ റിസൾട്ട്. 2019ൽ അവസാന 14 ലീഗ് മത്സരങ്ങളിലും വിജയിച്ചാണ് ലിവർപൂളിനെ മറികടന്ന് പെപ്പും സംഘവും കിരീടം ചൂടിയത്. അതിന് മുൻപുള്ള സീസണിൽ 18 മത്സരങ്ങളിൽ അൺബീറ്റണായി ചാമ്പ്യൻഷിപ്പിലേക്ക് മുന്നേറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. പ്രീമിയർ ലീഗ് അവസാനലാപ്പിലേക്ക് പ്രവേശിക്കുമ്പോൾ ഈ കണക്ക് സിറ്റിക്ക് കോൺഫിഡൻസ് നൽകുമ്പോൾ ആർസനലിന് നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പ്. ജനുവരി വരെ ടേബിൾ ടോപ്പറായി പിന്നീട് പോയന്റ് ഡ്രോപ്പ് ചെയ്ത റിവേഴ്സ് ഗിയറിൽ പോകുന്ന ചരിത്രമാണ് ഗണ്ണേഴ്സിന് പറയാനുള്ളത്.
പോയ സീസണിലേതിന് സമാനമായി അവസാന ലാപ്പിൽ കുതിക്കാൻ സിറ്റിക്കാകുമോയെന്നത് കണ്ടറിയേണ്ടതാണ്. ന്യൂകാസിലിനെതിരായ മത്സരത്തിൽ പോലും സിറ്റി ദൗർബല്യങ്ങൾ തുറന്നുകാട്ടപ്പെട്ടു. ആർസനൽ പ്രതീക്ഷയർപ്പിക്കുന്നതും സിറ്റിയുടെ ഈ അസ്ഥിരതയാണ്. അതേസമയം, ഇനിയുള്ള ഓരോ മത്സരഫലവും കിരീടനിർണയത്തിൽ സുപ്രധാനമാണെന്ന ചിന്ത മറ്റാരേക്കാളും നന്നായി പെപ്പിന് തന്നെയറിയാം. ഇതിനാൽ തന്നെ ടൈറ്റിൽ റേസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങളോട് എപ്പോഴും കരുതലോടെ മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
നിലവിൽ സിറ്റി സ്‌ക്വാഡിലുള്ള 60-70 ശതമാനവും പുതിയ താരങ്ങളാണെന്നും അതിനാൽ മുൻപ് ടൈറ്റിൽ റേസിൽ നടത്തിയ പ്രകടനം ഇപ്പോൾ പ്രസക്തമല്ലെന്നുമാണ് പെപ് പറഞ്ഞുവെക്കുന്നത്. ലീഡ്സ് യുണൈറ്റഡ്, നോട്ടിങ്ഹാം, വെസ്റ്റ്ഹാം, ചെൽസി എന്നിവർക്കെതിരെയാണ് സിറ്റിയുടെ അടുത്ത നാല് മത്സരങ്ങൾ. ടോട്ടനത്തിനെതിരായ കടമ്പ കടന്നാൽ ചെൽസിയും ബ്രൈട്ടനും എവർട്ടനുമാണ് ഗണ്ണേഴ്സിനെ കാത്തിരിക്കുന്നത്. കിരീടപ്പോരാട്ടത്തിൽ ആര് വീഴും...ആര് വാഴും... കാത്തിരിക്കാം പ്രീമിയർലീഗ് ആവേശരാവുകൾക്കായി