ഗസ്സയിൽ 450 കോടിയുടെ സ്റ്റേഡിയം പണിയും, പ്രഖ്യാപനവുമായി ഫിഫ
125 കോടിയുടെ ഫുട്‍ബോൾ അക്കാദമിയും സ്ഥാപിക്കും
സൂറിച്ച് : ഗസ്സയിൽ ഫുട്‍ബോൾ സ്റ്റേഡിയവും അക്കാദമിയും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഫിഫ. ബോർഡ് ഓഫ് പീസ് മീറ്റിങ്ങിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയുടെ പ്രഖ്യാപനം. 20,000 മുതൽ 25,000 ആളുകളെ ഉൾക്കൊള്ളിക്കാവുന്ന തരത്തിലുള്ള സ്റ്റേഡിയമാണ് ഫിഫ ഫലസ്തീനിൽ പണിയുന്നത്. ഏതാണ്ട് 450 കോടി രൂപയാണ് ഇതിന് ചിലവായി കണക്കാക്കുന്നത്. അഞ്ച് ഫുൾ സൈസ് പിച്ചുകൾ സഹിതം 125 കോടി ചിലവിട്ട് ഫുട്‍ബോൾ അക്കാദമിയും ഫിഫ സ്ഥാപിക്കും.
'അവർക്ക് വേണ്ടി കേവലം വീടുകളും, റോഡുകളും, ആശുപത്രികളും മാത്രം പുനർനിർമിച്ച് നൽകിയാൽ പോര. അവരുടെ പ്രതീക്ഷയും, വിശ്വാസവും, വികാരവുമെല്ലാം വീണ്ടെടുത്ത് കൊടുക്കണം. അതാണ് ഫുട്‍ബോൾ ചെയ്യുന്നത്' പ്രഖ്യാപനത്തിന് പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 'ഫുട്‍ബോൾ ലോകത്തിന്റെ ഒരു പൊതുഭാഷയാണ്. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഭാഷ. ലോകത്തെ ഒറ്റകെട്ടായി പിടിച്ചുനിർത്തുകയെന്നതാണ് അതിന്റെ കടമ' ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
വിവിധ വിഭാഗങ്ങളിലായി ഫിഫ ഗസ്സയിൽ നടത്താനൊരുങ്ങുന്ന ഫുട്‍ബോൾ ലീഗുകളെ കുറിച്ചുള്ള വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഭാവി തലമുറക്ക് ഒരു ഫുട്‍ബോൾ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇൻഫാന്റിനോ പറഞ്ഞു.