ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസ്ർ വിട്ടേക്കുമെന്ന് അഭ്യൂഹം

അൽ നസ്‌റിനോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ

Update: 2026-02-04 17:37 GMT

റിയാദ്: സൗദി പ്രോ ലീഗിന്റെ നടത്തിപ്പിൽ അതൃപ്തി പ്രകടിപ്പിച്ച് മത്സരത്തിൽ നിന്ന് വിട്ടുനിന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസ്ർ വിട്ടേക്കുമെന്ന് അഭ്യൂഹം. അൽനസ്‌റിന്റെ സാമ്പത്തിക ചുമതലയുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായാണ് ക്രിസ്റ്റ്യാനോയുടെ അഭിപ്രായ ഭിന്നത. അൽ ഹിലാലിന് കൂടുതൽ താരങ്ങളെ എത്തിക്കാൻ പണം നൽകുമ്പോൾ അൽ നസ്‌റിനോട് പക്ഷപാതിത്വം കാണിക്കുന്നുവെന്നാണ് പരാതി. ഇത് പരാതിയായി ഉന്നയിച്ചതോടെ തർക്കം രൂക്ഷമായി.

കഴിഞ്ഞ ദിവസം നടന്ന അൽ റിയാദ് - അൽ നസ്ർ മത്സരത്തിൽ പ്ലേയിങ് ഇലവനിലോ സബ്സ്റ്റിറ്റിയൂട്ടുകളുടെ പട്ടികയിലോ റൊണാൾഡോയുടെ പേര് വന്നിരുന്നില്ല. ഇത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതോടെയാണ് സൗദി പ്രോ ലീഗിനകത്തെ വിഷയങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്ത് വിടുന്നത്. പ്രശ്‌നങ്ങളുടെ തുടക്കം ഇങ്ങനെ: സൗദി പ്രോ ലീഗിലെ പ്രധാന നാലു ക്ലബ്ബുകളാണ് അൽ ഹിലാലും അൽ നസ്‌റും ഇത്തിഹാദും അൽ അഹ്‌ലിയും.. നാലിന്റേയും 75% ഓഹരി സൗദി ഭരണകൂടത്തിന്റെ കീഴിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ്. അതായത് ഫണ്ടിങ് ഉൾപ്പെടെ ചെയ്യുന്നത് പി.ഐ.എഫാണ്. കഴിഞ്ഞ ദിവസം ഫ്രഞ്ച് മുന്നേറ്റ താരം കരീം ബെൻസിമ ഇത്തിഹാദിനോട് ഇടഞ്ഞ് അൽ ഹിലാലിൽ എത്തിയിരുന്നു. ട്രാൻസ്ഫർ വിൻഡോകളിൽ പി.ഐ.എഫ് തുല്യനീതി പാലിക്കുന്നില്ലെന്നും പ്രധാന എതിരാളികളായ അൽ ഹിലാലിന് കൂടുതൽ മുൻഗണന നൽകുന്നുവെന്നുമാണ് പ്രധാന ആരോപണം. ഇത് പരാതിയായി ഉന്നയിച്ചതോടെ സൗദി പ്രോ ലീഗും താരത്തിനെതിരെ രംഗത്ത് വന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ നിന്നും താരം വിട്ടു നിന്നതെന്നാണ് റിപ്പോർട്ടുകൾ. അൽ നസ്‌റിന് എതിരെയാണ് താരത്തിന്റെ പരാതിയെന്നും ഇതോടെ ക്ലബ്ബ് വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് അടിസ്ഥാനമില്ല. കാരണം, ക്രിസ്ത്യാനോയുടെ ആരോപണത്തിന് പിന്നാലെ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അൽ നസ്ർ പ്രതിനിധികളായ രാജകുടുംബാംഗങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ തവണ അൽ നസ്‌റുമായി കരാർ പുതുക്കുമ്പോഴും കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബിലെത്തിക്കണമെന്ന ആവശ്യം ക്രിസ്റ്റ്യാനോ ഉപാധിയായി ഉന്നയിച്ചിരുന്നു. എന്നിട്ടും ഈ ട്രാൻസ്ഫർ വിൻഡോയിലും കുറഞ്ഞ താരങ്ങളെ വാങ്ങിയത് അൽ നസ്‌റാണെന്നതും താരത്തിന്റെ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അൽ നസ്‌റിലെത്തിയ ശേഷം ഗോൾ വേട്ട തുടരുമ്പോഴും ഒരു ലീഗ് കിരീടം പോലും നേടാൻ കഴിയാത്തത് പോർച്ചുഗൽ നായകനെ നിരാശനാക്കുന്നുണ്ട്. 41-ാം വയസ്സിലേക്ക് അടുക്കുന്ന റൊണാൾഡോ ഈ സീസണിലും 17 ഗോളുകളുമായി മികച്ച ഫോമിലാണ്. നിലവിൽ ഒരു പോയിന്റിന് മാത്രം അൽ ഹിലാലിന് പിറകിലാണ് അൽ നസ്ർ. 1000 ഗോളുകൾ എന്ന മാന്ത്രിക സംഖ്യയിലേക്കും അടുത്ത ലോകകപ്പിലേക്കും ഉറ്റുനോക്കുന്ന സി.ആർ സെവൻ ക്ലബ്ബ് വിടാൻ തീരുമാനമെടുക്കില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News