സമയപരിധി കഴിഞ്ഞും സൗദിയിൽ തുടരരുത്; ഉംറ വിസക്കാർക്ക് കർശന മുന്നറിയിപ്പ്
സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന ഉംറ തീർത്ഥാടകരുടെ വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഉംറ സർവീസ് ഏജൻസികൾക്ക് കർശന നിർേദശം. വരാനിരിക്കുന്ന ഏപ്രിൽ 18ഓടെ മുഴുവൻ ഉംറ വിസക്കാരും രാജ്യം വിടണമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. വിസാ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് പിഴ, തടവ്, നാടുകടത്തൽ തുടങ്ങിയ കഠിനമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർഥാടകർ തങ്ങളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
തീർത്ഥാടകരുടെ ഓവര്‍സ്റ്റേ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉംറ സർവീസ് സ്ഥാപനങ്ങളും കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരും. കാലാവധി കഴിഞ്ഞവരെ രാജ്യത്ത് തുടരാൻ സഹായിക്കുകയോ, അവർക്ക് ജോലി നൽകുകയോ, താമസം അനുവദിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാലും കർശന നടപടിയുണ്ടാകും. നിലവിൽ കേരളത്തിലേക്കടക്കം സൗദി എയർലൈൻസ്, ഒമാൻ എയർ തുടങ്ങിയ വിമാനക്കമ്പനികൾ മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർ തങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കണമെന്നും വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.