കേരള പ്രീമിയർ ലീഗിൽ ചരിത്രമെഴുതാൻ കാലിക്കറ്റ് എഫ്.സി;

കെ.പി.എല്ലിൽ ഇടം പിടിക്കുന്ന ആദ്യ സൂപ്പർ ലീഗ് കേരള ക്ലബ്ബ്

Update: 2026-02-19 10:04 GMT

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമന്റായ കേരള പ്രീമിയര്‍ ലീഗില്‍ ഇടം പിടിക്കുന്ന ആദ്യ സൂപ്പര്‍ ലീഗ് കേരള ക്ലബ് ആയി കാലിക്കറ്റ് എഫ് സി മാറി. സീസൺ ഫുട്ബോളിന് അപ്പുറം, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ മേഖലയില്‍ ചുവടുറപ്പിക്കാനുള്ള സിഎഫ് സിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിത്. യുവതാരങ്ങളെ കണ്ടെത്തുന്നതിനും അവർക്ക് കൂടുതൽ മത്സരപരിചയം നൽകുന്നതിനുമുള്ള മികച്ച വേദിയായാണ് കെ.പി.എല്ലിനെ സിഎഫ് സി വിലയിരുത്തുന്നത്. താഴെത്തട്ടിലുള്ള പ്രതിഭകളെ വാർത്തെടുക്കാനും അവരെ സൂപ്പർ ലീഗ് പോലുള്ള വലിയ വേദികളിലേക്ക് ഉയർത്തിക്കൊണ്ടുവരാനും പുതിയ നീക്കത്തിലൂടെ സാധിക്കും.

Advertising
Advertising

പ്രൊഫഷണല്‍ ഫുട്ബോളിന്റെ ആവാസവ്യവസ്ഥ ഒരുക്കിയെടുക്കുന്നതിനാണ് പ്രഥമപരിഗണന നല്‍കുന്നതെന്ന് രണ്ട് വര്‍ഷം മുമ്പ് കാലിക്കറ്റ് എഫ് സിയുടെ ഉദ്ഘാടന വേളയില്‍ പറഞ്ഞിരുന്നുവെന്ന് ക്ലബ് ഉടമയും ഐബിഎസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. നമ്മുടെ യുവതാരങ്ങൾക്ക് മികച്ച പ്രൊഫഷണല്‍ ഫുട്ബോൾ കളിക്കാനും മനസിലാക്കാനുമുള്ള സാഹചര്യം ഇതിലൂടെ ലഭിക്കും. യുവതാരങ്ങളെ തിരിച്ചറിയാനും അവരെ മികച്ച രീതിയിൽ പാകപ്പെടുത്താനും കെ.പി.എൽ അനുയോജ്യമായ ഇടമാണ്. ഈ നീക്കം വരും വർഷങ്ങളിൽ കൂടുതൽ സൂപ്പർ ലീഗ് ക്ലബ്ബുകളെ കെ.പി.എല്ലിലേക്ക് ആകർഷിക്കുമെന്നും അതുവഴി കേരളത്തിലെ ലീഗ് ഫുട്ബോളിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുമെന്നും പ്രതീക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യ പരിശീലകൻ ബിബി തോമസിന്റെ മേൽനോട്ടത്തിലും മാർഗ്ഗനിർദ്ദേശത്തിലുമായിരിക്കും കെ.പി.എൽ ടീമിനായുള്ള പരിശീലന പരിപാടികൾ നടക്കുന്നത്. ടീമിന്റെ തയ്യാറെടുപ്പുകള്‍ക്ക് സഹപരിശീലകന്‍ ഹുസൈൻ പി.എ നേരിട്ട് നേതൃത്വം നല്‍കും. ടീമിലെ കളിക്കാരുടെ വിശദാംശങ്ങള്‍ ക്ലബ്ബ് ഉടൻ പുറത്തുവിടും.

കേരള പോലീസ്, കെ.എസ്.ഇ.ബി, ഗോകുലം കേരള എഫ്.സി തുടങ്ങി 14 പ്രമുഖ ടീമുകൾ അണിനിരക്കുന്ന കേരള പ്രീമിയർ ലീഗ് മാർച്ച് ആദ്യവാരമാണ് ആരംഭിക്കുന്നത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമാണ് വടക്കൻ മേഖലയിലെ കെപിഎല്‍ മത്സരങ്ങൾക്ക് ആതിഥ്യമരുളുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ ലക്ഷ്യമിടുന്ന കാലിക്കറ്റ് എഫ്.സി, കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി സ്വന്തമായി മികച്ച പരിശീലന കേന്ദ്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News