പടവലങ്ങ പോലെ വളർന്ന് ഇന്ത്യൻ ഫുട്ബോൾ, ഐഎസ്എലിന്റെ പുതിയ ബ്രോഡ്കാസ്റ്റ് ഡീൽ കേരള സൂപ്പർ ലീഗിലും കുറവ്

8.62 കോടി രൂപയ്ക്കാണ് സംപ്രേഷണാവകാശം ഫാൻകോഡിന് നൽകിയത്

Update: 2026-02-10 14:10 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആരംഭിച്ചെങ്കിലും പോക്കറ്റിലെത്തുന്നത് തുച്ഛമായ തുക. ലീഗിന്റെ പുതിയ സംപ്രേഷണ കരാറിന്റെ വിശദാംശങ്ങൾ ഇത് വ്യക്തമാക്കുന്നു. വെറും 8.62 കോടി രൂപക്കാണ് സംപ്രേഷണാവകാശം ഫാൻകോഡിന് നൽകിയത്.

2024-25 സീസണിൽ 275 കോടി രൂപയായിരുന്ന ഐഎസ്എല്ലിന്റെ സംപ്രേഷണ മൂല്യം 2025-26 സീസണിൽ വെറും 8.62 കോടി രൂപയിലേക്ക് താണു. ഏകദേശം 97 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ടെൻഡർ വിളിച്ചപ്പോൾ മറ്റ് പ്രമുഖ കമ്പനികളൊന്നും താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് കുറഞ്ഞ തുകയ്ക്ക് ഫാൻകോഡിന് അവകാശം നൽകിയത്.

Advertising
Advertising

വെറും രണ്ട് സീസണുകൾ മാത്രം നടന്ന സൂപ്പർ ലീഗ് കേരളയുടെ (SLK) മൂല്യത്തേക്കാൾ താഴെയാണ് നിലവിൽ ഐഎസ്എൽ. കേരള സൂപ്പർ ലീഗിന്റെ സംപ്രേഷണ കരാർ 5 വർഷത്തേക്ക് 100 കോടിയുടേതാണ്. ഇത് പ്രകാരം ഒരു മത്സരത്തിന് ഏകദേശം 22 ലക്ഷം രൂപ മൂല്യം വരുമ്പോൾ ശരാശരി ഒരു ഐഎസ്എൽ മത്സരത്തിന്റെ മൂല്യം വെറും 9.5 ലക്ഷമാണ്. അ​തേ സമയം ഐ.പി.എല്ലിലെ ഒരു മത്സരത്തിന് ശരാശരി 132 കോടിയാണ് ലഭിക്കുന്നത്. ഐപിഎല്ലിലെ ഒരു മത്സരത്തിന്റെ പണം കൊണ്ട് 15 ഐഎസ്എൽ സീസണുകൾ നടത്താമെന്നർത്ഥം.

പ്രതിസന്ധികളെത്തുടർന്ന് ഈ സീസണിൽ ഐ.എസ്.എൽ മത്സരങ്ങളുടെ എണ്ണം കുറച്ചിരുന്നു. 91 മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ഉണ്ടാവുക.ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്ന നിലയിൽ വിഭാവനം ചെയ്ത ഐഎസ്എലിന്റെ തകർച്ച ഫുട്ബോൾ ആരാധകർക്ക് നിരാശയാണ് നൽകുന്നത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News