കളം നിറഞ്ഞ് രാഷ്ട്രീയം, ഫിഫ ലോകകപ്പ് നടത്തിപ്പിൽ ട്രംപിനും യുഎസിനും വെല്ലുവിളികളേറെ

പശ്ചിമേഷ്യയിൽ കത്തിപ്പടരുന്ന യുദ്ധത്തിൽ നേരിട്ടോ അല്ലാതെയോ ഭാഗവാക്കായ നാല് രാജ്യങ്ങളാണ് നിലവിൽ ലോകകപ്പിൽ പന്തുതട്ടാൻ യോഗ്യത നേടിയത്.

Update: 2026-03-19 18:16 GMT

  ലോകത്തിന്റെ കണ്ണുംകാതും ഒരു തുകൽപന്തിലേക്ക് ചുരുങ്ങാൻ ഇനി 84 ദിവസങ്ങൾ... കെട്ടിലും മട്ടിലും പുതുമയുമായി ഖത്തറിൽ നിന്ന് അമേരിക്കൻ മണ്ണിലേക്ക് മോഹകപ്പ് പറന്നെത്തുമ്പോൾ, ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ഫുട്‌ബോൾ ആരാധകർ. ലയണൽ മെസ്സിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും  നെയ്മറിനുമേയുമെന്നും ഇനിയൊരു ലോകകപ്പിന് കാണാനിടയില്ല. എന്നാൽ വർത്തമാനകാല സാഹചര്യം മറ്റെല്ലാ മേഖലയേയും പോലെ ഫുട്ബോളിലും ആശങ്കയുടെ കാർമേഘം പടർത്തിയിട്ടുണ്ട്. ലോകം യുദ്ധ ഭീതിയിൽ വിറങ്ങലിച്ചിരിക്കുമ്പോൾ ലോകത്തെ ഒരു കുടകീഴിൽ കൊണ്ടുവരുന്ന ഫിഫ ലോകകകപ്പിന്റെ ഭാവി എന്താകും. പരിശോധിക്കാം.

Advertising
Advertising

പശ്ചിമേഷ്യയിൽ കത്തിപ്പടരുന്ന യുദ്ധത്തിൽ നേരിട്ടോ അല്ലാതെയോ ഭാഗവാക്കായ നാല് രാജ്യങ്ങളാണ് നിലവിൽ ലോകകപ്പിൽ പന്തുതട്ടാൻ യോഗ്യത നേടിയത്. ഇതിൽ അമേരിക്കയും ഇറാനും പരസ്പരം പോരടിക്കുമ്പോൾ, സൗദി അറേബ്യയും ഖത്തറും ആക്രമണത്തിന്റെ മൂക സാക്ഷികളാണ്. ഇന്റർ കോണ്ടിനെന്റൽ പ്ലേഓഫ് കടന്ന് ഇറാഖ് കൂടി വിശ്വമേളക്ക് ടിക്കറ്റെടുത്താൽ ഈ പട്ടിക അഞ്ചായി ഉയരും. ഇതിനെല്ലാം പുറമെ അമേരിക്കക്കൊപ്പം സഹ ആതിഥേയത്വം വഹിക്കുന്ന മെക്സിക്കോയിലെ ജിയോ പൊളിട്ടിക്കൽ സാഹചര്യവും ഉയർന്ന ടിക്കറ്റ് നിരക്കുമെല്ലാം, ഫിഫ ലോകകപ്പിന് മുന്നോടിയായി വാർത്താതലക്കെട്ടുകളിൽ നിറയുന്നതാണ് പോയദിനങ്ങളിൽ നമ്മൾ കണ്ടത്.


 അമേരിക്കയുടേയും ഇസ്രായേലിന്റേയും സംയുക്ത ആക്രമണത്തിന് ഇരയായ ഇറാൻ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയെ അമേരിക്ക വധിച്ചതിനാൽ അവിടെ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനാവില്ലെന്നാണ് ഇറാൻ കായിക മന്ത്രി അഹമദ് ദുന്യാമലി പോയദിവസം അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കിയത്. ഫെബ്രുവരി 28ന് യു.എസും ഇസ്രായേലും ഇറാനെതിരെ ഏകപക്ഷീയമായി ആക്രമണം ആരംഭിച്ച ശേഷം, ടൂർണമെന്റിലെ ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു. കായിക മന്ത്രിയുടെ പ്രസ്ഥാവനയോടെ ഇതിനൊരു വ്യക്തയാണ് വന്നിരിക്കുന്നത്.ലോകകപ്പിൽ ബെൽജിയം, ന്യൂസിലൻഡ്, ഈജിപ്ത് ഉൾപ്പെട്ട ഗ്രൂപ്പ് ജിയിലാണ് ഇറാന്റെ സ്ഥാനം. അമേരിക്കയിലെ ലോസ് ആഞ്ചലസിലും സിയാറ്റിലുമാണ് ഏഷ്യൻ കരുത്തരുടെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയാണ് ആദ്യ മത്സരം.


  അതേസമയം, ലോകകപ്പിൽ നിന്ന് അവസാന നിമിഷം പിൻമാറിയാൽ കടുത്ത സാമ്പത്തിക നഷ്ടം ഇറാൻ നേരിടേണ്ടിവരും. ഏകദേശം 200 കോടിയോളമാണ് ഇറാൻ ഫുട്‌ബോൾ ഫെഡറേഷന് ത്യജിക്കേണ്ടി വരിക. ഇതിന് പുറമെ ആറു കോടിയോളം ഫൈൻ അടക്കേണ്ടിവരും. യോഗ്യത നേടുന്ന രാജ്യങ്ങൾക്ക് മുന്നൊരുക്കത്തിനായി 13 കോടിയാണ് രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ളത്.ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നവർക്ക് ഏകദേശം 83 കോടി സമാശ്വാസമായും ലഭിക്കും. കടുത്ത തീരുമാനത്തിലേക്ക് പ്രവേശിച്ചാൽ ഈ ഭീമൻ തുക ഏഷ്യൻ ക്ലബിന് കൈയെത്താ ദൂരത്താവും. ലോകകപ്പ് ഉപേക്ഷിച്ചാൽ പരസ്യവരുമാനത്തിലടക്കം ഗണ്യമായ നഷ്ടം വേറെയുമുണ്ടാകും.


  ഏഷ്യയിലെ തന്നെ ഉയർന്ന റാങ്കിങിലുള്ള ഇറാന്റെ പിൻമാറ്റം, ലോകകപ്പിന്റെ ശോഭകെടുത്തുമെന്ന കാര്യത്തിലും തെല്ലും സംശയമേതുമില്ല. ഫിഫ റാങ്കിങ്ങിൽ 20ാം സ്ഥാനത്തുള്ള ഇറാന് മുൻ ഇന്റർമിലാൻ താരം മെഹ്ദി തരേമിയടക്കം മികച്ചൊരു താരനിരയാണുള്ളത്. 1978 മുതൽ ഏഴ് തവണയാണ് ഇറാൻ വിശ്വമേളക്ക് യോഗ്യത നേടിയത്. 2014 ബ്രസീൽ ലോകകപ്പ് മുതൽ തുടർച്ചയായി ഏഷ്യയെ പ്രതിനിധീകരിച്ച്‌ലോകകപ്പിൽ പന്തുതട്ടി. അതേസമയം,ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് നിരന്തരം നിലപാട് മാറ്റികൊണ്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ദേശീയ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നുവെങ്കിലും,അവരുടെ സുരക്ഷ മുൻനിർത്തി ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഉചിതമാകില്ലെന്നാണ് ഏറ്റവും ഒടുവിൽ ട്രംപ് വ്യക്തമാക്കിയത്. ഇറാൻ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം തങ്ങളെ ബാധിക്കില്ലെന്നടക്കമുള്ള പ്രകോപന പ്രസ്ഥാവനകളും നേരത്തെ യുഎസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. നിലവിൽ ലോകകപ്പുമായുണ്ടായ അനിശ്ചിതത്വങ്ങളിൽ പരസ്യ പ്രതികരണത്തിന് ഫിഫയും ഇതുവരെ തയാറായിട്ടില്ല.


  ഇറാന്റെ പിൻമാറ്റം മറികടക്കാൻ ഫിഫ ഔദ്യോഗിക തലത്തിൽ ഇടപെടുമോയെന്നതും വരും ദിവസങ്ങളിൽ കണ്ടു തന്നെ അറിയണം.അമേരിക്കയെ പിണക്കിയൊരു നിലപാടെടുക്കാൻ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോക്കും പരിമിതിയുണ്ടാകും. സമീപകാലത്തെ ഫിഫ പ്രസിഡന്റിന്റെ നിലപാടുകളെല്ലാം വിരൽചൂണ്ടുന്നതും ഇതിലേക്കാണ്. ഇറാൻ പിൻമാറിയാൽ ഏഷ്യയിലെ നിലവിലെ സാഹചര്യമനുസരിച്ച് യുഎഇക്കോ ഇറാഖിനോ ആയിരിക്കും എൻട്രി ലഭിക്കേണ്ടത്.എന്നാൽ ഇക്കാര്യത്തിൽ ഫിഫക്ക് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമടെുക്കാനുള്ള സാഹചര്യവുമുണ്ട്. കടുകട്ടിയായ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ പുറത്താകുന്ന പ്രധാന ടീമിനെ ഈവിധത്തിൽ ലോകകകപ്പിലേക്ക് ഇൻക്ലൂഡ് ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുന്നു. ഇനി ഏഷ്യൻ ക്ലബ് മതിയെന്ന് ഫിഫ നിലപാടെടുത്താൽ ഫിഫ റാങ്കിങിൽ മുന്നിലുള്ള യുഎഇക്കാകും നറുക്കുവീഴുക. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇറാഖിനോട് തോൽവി നേരിട്ട യുഎഇ നേരത്തെ തലകുനിച്ച് മടങ്ങിയിരുന്നു. നിലവിൽ ഇന്റർകോണ്ടിനെറ്റൽ പ്ലേ ഓഫ് കളിക്കാനൊരുങ്ങുന്ന ഇറാഖിന് നേരിട്ട് യോഗ്യത നൽകുകയും ഇറാഖിന് പകരം യുഎഇയെ ഇൻറർ കോണ്ടിനെൻറൽ പ്ലേ-ഓഫിലേക്ക് അയക്കകാനുള്ള സാധ്യതയും തള്ളികളയാനാവില്ല. യുദ്ധ സാഹചര്യങ്ങളെ തുടർന്ന് മെക്‌സിക്കോയിൽ ഈമാസം അവസാനം നടക്കുന്ന പ്ലേഓഫ് മത്സരം മാറ്റിവെക്കണമെന്ന് ഇറാഖ് ആവശ്യപ്പെടുകയും ചെയ്തിരുന്നു


  ഇറാൻ-അമേരിക്ക പ്രശ്നങ്ങൾക്ക് പുറമെ മെക്സിക്കോയിലെ ആഭ്യന്തര കലാപങ്ങളും ലോകകപ്പിന് സുരക്ഷാഭീതി സൃഷ്ടിക്കുന്നുണ്ട്. മെക്സിക്കോയിലെ ജലിസ്‌കോ സംസ്ഥാനത്ത് കഴിഞ്ഞാഴ്ച സൈന്യം കാർട്ടൽ മേധാവിയെ വധിച്ചതുമായി ബന്ധപ്പെട്ട അലയൊലികൾ വിവിധയിടങ്ങളിലായി തുടർന്നുകൊണ്ടിരിക്കുകയാണ്. ജൂൺ, ജൂലൈയിലായി കടുത്ത വേനലിലാണ് ലോകകപ്പ് എന്നതും താരങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു.ചൂടിനെ പ്രതിരോധിക്കാൻ ഇരു പകുതികളിലുമായി നാല് ഹൈഡ്രേഷൻ ബ്രേക്കുകളാണ് ഫിഫ പ്ലാൻ ചെയ്യുന്നത്.മൂന്ന് മിനിറ്റ് വീതമുള്ള ഈ ഇടവേള കളിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുമെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ഫിഫ ക്ലബ് ലോകകപ്പിലടക്കം കടുത്ത ചൂട് വലിയ തോതിൽ കളിക്കാരെ വലച്ചിരുന്നു. ഇതോടൊപ്പം യുഎസിലെ വിസ ലഭിക്കുന്നതിലെ നൂലാമാലകളും മത്സരം വീക്ഷിക്കാൻ എത്തുന്നവരെ പിന്നോട്ടടിപ്പിക്കുന്നു. വിവിധ രാജ്യങ്ങൾക്ക് അമേരിക്കയിലേക്കുള്ള വിസ വിലക്കും തിരിച്ചടിയായി നിൽക്കുന്നു



   ഖത്തർ ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കൻ മേളയുടെ ടിക്കറ്റ് നിരക്കും കുത്തനെ വർധിച്ചിരുന്നു. പങ്കെടുക്കുന്ന ടീമുകൾ കൂടിയതിന് അനുസൃതമായി മത്സര എണ്ണത്തിലും വലിയ വർധനവാണുള്ളത്. ഏകദേശം ഏഴ് ദശലക്ഷം സീറ്റുകളാണ് ലോകകപ്പിൽ ഫിൽ ചെയ്യാനുള്ളത്.അതേസമയം, ഷെഡ്യൂൾ ചെയ്ത 104 മത്സരങ്ങളുടേയും ടിക്കറ്റുകൾ വിറ്റുതീർന്നെന്ന് ഫിഫ പ്രസിഡന്റ്പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് എത്ര മാത്രം യാഥാർത്ഥ്യമാണെന്ന കാര്യത്തിലും വ്യക്തത കുറവുണ്ട്. കഴിഞ്ഞ ആഴ്ച ടിക്കറ്റ് ലഭ്യമാണെന്ന് കാണിച്ച് ആരാധകർക്ക് ഇമെയിൽ സന്ദേശം ലഭിച്ചതോടെ സീറ്റുകൾ ഇനിയും ബാക്കിയുണ്ടെന്ന കാര്യം പുറത്ത് വന്നിരുന്നു. ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ നേരത്തെ തന്നെ വിവിധ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.


  ലോകകപ്പിന്റെ ഭാഗമായി ഫാൻ പാർക്കുകൾ പരിമിതപ്പെടുത്തുമെന്നതാണ് യുഎസിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു പ്രധാന വാർത്ത. ഇതുപ്രകാരം സ്റ്റേഡിയത്തിന് പുറത്ത് മത്സരം വീക്ഷിക്കാനുള്ള വിപുലമായ സൗകര്യം ഈ വേൾഡ് കപ്പിലുണ്ടാവില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോകകപ്പിലെ പ്രധാന ആകർഷകങ്ങളിലൊന്നാണ് ആരാധകരുടെ ഈ ഉത്സവങ്ങൾ. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഫുട്‌ബോൾ പ്രേമികളാണ് ഇങ്ങനെ വിശ്വമേളയുടെ ഭാഗമായി ഒത്തുചേരാറുള്ളത്. പോയ ഖത്തർ ലോകകപ്പിലൊക്കെ ഫാൻ പാർക്കുകൾ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ പ്രധാന നഗരമായ ന്യൂയോർക്കിലടക്കം ഫാൻ ഫെസ്റ്റ് ഉണ്ടാകില്ലെന്നാണ് കേൾക്കുന്ന വാർത്തകൾ


  കളത്തിന് പുറത്തെ രാഷ്ട്രീയം തിളച്ച് മറിയുന്നതിന് പുറമെ താരങ്ങളുടെ പരിക്കുകളും മാസങ്ങൾക്കിപ്പുറം ആരംഭിക്കുന്ന ലോകകപ്പിനെ ആശങ്കപ്പെടുത്തുന്നതാണ്. ഗറ്റാഫെക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനാൽ റയൽമാഡ്രിഡിന്റെ ബ്രസീലിയൻ താരം റോഡ്രിഗോ ലോകകപ്പിനുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. എസിഎൽ ഇഞ്ചുറിയെ തുടർന്ന് താരത്തിന്റെ മടങ്ങിവരവിന് പത്തുമാസത്തോളമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കാർലോ ആഞ്ചലോട്ടിയ്ക്ക് കീഴിൽ കിരീടം ലക്ഷ്യമിടുന്ന കാനറിപടക്ക് ഒട്ടും പോസിറ്റീവല്ല റോഡ്രിഗോയുടെ ഈ ഇഞ്ചുറി . കാൽമുട്ടിന് പരിക്കേറ്റ റയൽ താരം കിലിയൻ എംബാപ്പെയുടെ കാര്യവും ആശങ്കപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പരിക്ക് പിടി കൂടിയെന്നാണ് സൗദിയിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ. അൽ നസർ താരം വിദഗ്ധ ചികിത്സക്കായി സ്‌പെയിനിലേക്ക് പറന്നിരിക്കുകയാണ്. മുൻ ചാമ്പ്യൻമാരായ ഇറ്റലി പ്ലേഓഫ് കളിച്ച് യോഗ്യത ഉറപ്പിക്കുമോയെന്നും കണ്ടറിയണം. 48 ടീമുകൾ... 104 മത്സരങ്ങൾ. പങ്കാളിത്തത്തിലും ടെക്‌നോളജിയിലുമെല്ലാം വിപ്ലവകരമായ മാറ്റത്തിന് തയാറെടുക്കുന്ന ഫിഫക്ക് നിലവിൽ ആഗോള തലത്തിൽ ഉരുണ്ടുകൂടിയ സാഹചര്യങ്ങളെ മറികടക്കാനാകുമോ....കാത്തിരുന്നു കാണാം

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News