'നെയ്മർ ഈസ് ബാക്ക്'; പരിക്ക് മാറി കളത്തിലിറങ്ങി, ലക്ഷ്യം ലോകകപ്പ്

ഡിസംബറിൽ ലീഗിലെ അവസാന മത്സരത്തിന് ശേഷം സർജറിക്ക് വിധേയനായ താരം നീണ്ട 70 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങിയത്.

Update: 2026-02-16 14:43 GMT
Editor : Harikrishnan S | By : Sports Desk

സാവോപൗളോ: രണ്ടര മാസത്തെ ഇടവേളക്ക് ശേഷം കളത്തിലേക്ക് തിരക്കെയെത്തി നെയ്മർ. ഞായറാഴ്ച കാമ്പ്യനാറ്റോ പോളിസ്റ്റ ലീഗിലെ സാന്റോസ് - വെലോ ക്ലബ് മത്സരത്തിലാണ് താരം ഇറങ്ങിയത്. എതിരില്ലാത്ത ആറ് ഗോളുകൾക്ക് സാന്റോസ് ജയിച്ച മത്സരത്തിൽ ഒരു അസിസ്റ്റും നൽകാൻ നെയ്മർക്കായി.

സാന്റോസിന്റെ തട്ടകമായ ഉർബാനോ കാൽഡെയ്‌റ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് സൂപ്പർ താരം നെയ്മർ കളത്തിലിറങ്ങിയത്. നെയ്മർ കളത്തിലിറങ്ങുമ്പോൾ സാന്റോസ് 3-0 എന്ന സ്കോറിന് മുന്നിട്ട് നിൽക്കുകയായിരുന്നു. സാന്റോസ് ആരാധകർ ആരവങ്ങളോഡെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വരവേറ്റത്.

Advertising
Advertising

മത്സരത്തിൽ 81ാം മിനിറ്റിൽ സാന്റോസിന്റെ നാലാം ഗോളൊരുക്കാനും താരത്തിനായി. 2025 ഡിസംബറിൽ ലീഗിലെ അവസാന മത്സരത്തിന് ശേഷം സർജറിക്ക് വിധേയനായ താരം നീണ്ട 70 ദിവസത്തെ ഇടവേളക്ക് ശേഷമാണ് കളത്തിലിറങ്ങിയത്.

സാന്റോസ് പരിശീലകൻ ഹ്വാൻ പാബ്ലോ വോയ്‌വോദ മത്സരത്തിന് ശേഷം ഇങ്ങനെ പറഞ്ഞു, 'നെയ്മറിനെ എല്ലാവർക്കും വേണം, സാന്റോസിനും ബ്രസീലിനും എല്ലാവർക്കും, അവൻ നന്നായി ചെയ്‌താൽ അഞ്ചലോട്ടിക്ക് സന്തോഷമാകും'. നെയ്മർ നന്നായി കളിക്കുകയാണെങ്കിൽ ലോകകപ്പിനുള്ള ടീമിലുണ്ടാകും എന്നാണ് അഞ്ചലോട്ടി കഴിഞ്ഞ വർഷം പറഞ്ഞത്.

'നെയ്മർക്ക് അവിടെ (ലോകകപ്പ്) ഉണ്ടാകണം എന്നുണ്ട്, ജയിക്കണമെന്നുമുണ്ട്, ട്രെയിനിങ്ങിൽ ഞാൻ അത് കാണുന്നുണ്ട്' എന്നും സാന്റോസ് പരിശീലകൻ കൂട്ടി ചേർത്തു. കഴിഞ്ഞ സീസണിൽ തരംതാഴ്ത്തൽ ഭീഷണിയിലായിരുന്ന സാന്റോസിനായി അവസാന രണ്ട് മത്സരങ്ങളിൽ പരിക്ക് വകവെക്കാതെയിറങ്ങി തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം കാഴ്ചവെച്ചത്. സാന്റോസിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷിക്കാനും താരത്തിനായി.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ബ്രസീലിയൻ ലീഗിൽ 18ാം സ്ഥാനത്താണ് സാന്റോസ്. ഫെബ്രുവരി 27ന് വാസ്കോ ഡ ഗാമക്കെതിരെയാണ് സാന്റോസിന്റെ അടുത്ത മത്സരം.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News