കേരള ബ്ലാസ്റ്റേഴ്സിന് നിരാശയോടെ തുടക്കം; മോഹൻ ബഗാനെതിരെ ആദ്യ ഐഎസ്എൽ മത്സരത്തിൽ തോൽവി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിലൊരുന്നു ബഗാന്റെ ജയം. ജെയ്‌മി മക്ലാരൻ, ടോം ആൽഡ്രഡ് എന്നിവരാണ് ഗോളുകൾ നേടിയത്.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഐഎസ്എൽ സീസണിലെ ഉദ്ഘാടന മത്സരം നടന്നത്. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ തന്നെയാണ് തുടക്കം മുതൽ മത്സരത്തിൽ ആധിപത്യം പുലർത്തിയത്. കഴിഞ്ഞ സീസണിൽ നിന്ന് 80% സ്‌ക്വാഡിനെയും നിലനിർത്തിയാണ് ബഗാൻ ഇറങ്ങിയതെങ്കിൽ വെറും രണ്ട് വിദേശ താരങ്ങൾ (ബാർത്തെമ്യു, ഒമർ ബാ) മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ അണിനിരന്നത്.
ആദ്യ പകുതിയിൽ ഡ്രിങ്ക്സ് ബ്രെക്കിന് ശേഷം മോഹൻ ബഗാൻ നടത്തിയ ആദ്യ മുന്നേറ്റത്തിലാണ് ഓപ്പണിങ് ഗോൾ പിറന്നത്. അഭിഷേക് സിങ് ബോക്സിലേക്ക് നൽകിയ പന്തിലേക്ക് ഓടിയെത്തിയ ദിമിത്രി പെട്രാറ്റോസ് ബോക്സിന്റെ നടുവിലുള്ള ജെയ്മി മക്ലാരനിലേക്ക് പാസ് നൽകി. പന്തെടുത്ത് വട്ടം തിരിഞ്ഞ മക്ലാരൻ (36') അനായാസം വല തുളച്ചു.
രണ്ടാം പകുതിയിൽ പുതിയ താരങ്ങളായ മാർലോൺ റൂസ്, കെവിക് യോക്ക് എന്നിവർ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ അരങ്ങേറ്റം കുറിച്ചു. മത്സരം അവസാനനിമിഷങ്ങളിലേക്ക് അടുത്തപ്പോൾ ചില മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിൽ ഗോൾ കണ്ടെത്താനായില്ല. പിന്നാലെ അധിക സമയത്ത് കോർണറിൽ നിന്ന് ടോം ആൽഡ്രഡ് (90+7') ബഗാന്റെ രണ്ടാം ഗോളും സ്കോർ ചെയ്തു. മത്സരത്തിലുടനീളം ഒരു ഷോട്ട് പോലും എതിർ പോസ്റ്റിലേക്ക് ഉതിർക്കാനാകാൻ ബ്ലാസ്റ്റേഴ്സിനായില്ല.
ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്റർ കാശി എഫ്‌സി ഗോവയെ നേരിടും. ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അടുത്ത മത്സരം ഫെബ്രുവരി 22ന് കൊച്ചിയിൽ മുംബൈ സിറ്റിക്കെതിരെയാണ്.