മാറി നിന്ന് ക്രിസ്റ്റ്യാനോ...കൂടെ നിന്ന് ഗ്യാലറി; ഇത്തിഹാദിനെതിരായ മത്സരത്തിൽ ഇറങ്ങിയില്ല
ഇത്തിഹാദിനെ തകർത്ത് 2-0ന് നസ്റിന് ജയം
റിയാദ്: ക്ലബ്ബ് മാനേജ്മെന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സൗദി പ്രോ ലീഗിൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടുനിന്നു. മികച്ച താരങ്ങളെ എത്തിക്കാൻ ക്ലബ്ബ് മാനേജ്മെന്റുകൾ ശ്രമിക്കുന്നില്ലെന്നാണ് ക്രിസ്റ്റ്യാനോയുടെ പരാതി. എന്നാൽ, ഇത്തിഹാദിനെതിരായ മത്സരത്തിൽ താരം വിട്ടുനിന്നെങ്കിലും അൽ നസ്ർ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ചു.
പരിശീലനത്തിലെല്ലാം ഭാഗമായ താരം ടീം കോച്ചിനോട് പറഞ്ഞ് വിട്ടുനിൽക്കുകയായിരുന്നു+. ഇത്തിഹാദിനെതിരായ മത്സരത്തിൽ 84-ാം മിനിറ്റിൽ സാദിയോ മാനേയുടെ പെനാൾട്ടി, പിന്നാലെ 96-ാം മിനിറ്റിൽ ആഞ്ചലോ ഗബ്രിയേലിന്റെ തകർപ്പൻ ഗോൾ എന്നിവയോടെയാണ് ക്രിസ്റ്റ്യാനോയുടെ നസ്ർ ജയിച്ചത്. അൽ നസ്റിൽ മികച്ച താരങ്ങളെ എത്തിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തത് കിരീടത്തിലേക്കെത്താൻ ടീമിന് തടസ്സമാവുന്നു. ഹിലാൽ, നസ്ർ, ഇത്തിഹാദ്, അൽ അഹ്ലി എന്നിവയുടെ 75% ഓഹരിയുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് അഥവാ പി.ഐ.എഫിനെതിരെ ഇതോടെ ക്രിസ്റ്റ്യാനോ തിരിഞ്ഞു.
എന്നാൽ താരങ്ങളെ എത്തിക്കാനുള്ള ബാധ്യത ക്ലബ്ബുകൾക്കാണെന്നാണ് പി.ഐഎഫിന്റെ വാദം. അൽ ഹിലാലിനെ പോലെ അൽ നസ്റിന് പണം അനുവദിക്കില്ലെന്ന താരതമ്യത്തിന് മറുപടിയുമായി ലീഗ് മാനേജ്മെന്റും രംഗത്തെത്തി. സ്വന്തം ക്ലബ്ബിന്റെ കാര്യത്തിൽ ഇടപെട്ടാൽ മതിയെന്നും ലീഗിൽ ഒരു താരത്തിനും പ്രത്യേക പദവിയില്ലെന്നുമായിരുന്നു മറുപടി. ഇതിന് പിന്നാലെയുള്ള മത്സരത്തിലും ക്രിസ്റ്റ്യാനോ മാറി നിന്നതോടെ വിഷയം സങ്കീർണമാവുകയാണ്.