സെലൻസ്കി സൗദിയിൽ..; ഇറാന്റെ ആക്രമണങ്ങൾ തടയാൻ സൗദിയുടെ പ്രത്യേക നീക്കം
'ഇറാൻ സൗദിയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ, റഷ്യ യുക്രെയ്നിനെതിരെ നടത്തുന്ന ആക്രമണങ്ങളോട് സമാനം'
റിയാദ്: ഇറാൻ ഡ്രോണുകളെ നേരിടാനുള്ള സാങ്കേതിക വിദ്യക്കായി സൗദി അറേബ്യ യുക്രൈനുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിലെത്തിയ യുക്രൈൻ പ്രസിഡണ്ട് വ്ളാദ്മിർ സെലൻസ്കിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പകരമായി, റഷ്യൻ ആക്രമണം തടയാൻ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. ഇന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ളാദ്മിർ സെലൻസ്കി സൗദിയിലെത്തിയത്. ഇറാനിൽ നിന്നുള്ള ഡ്രോണ്‍-മിസൈൽ ആക്രമണങ്ങൾക്കെതിരെ സൗദി അറേബ്യയുമായി ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ പങ്കുവയ്ക്കാനുള്ള കരാർ ഒപ്പിട്ടതായായി അദ്ദേഹം അറിയിച്ചു.
സൗദി കിരീടാവകാശിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇറാൻ സൗദിയ്ക്കെതിരെ നടത്തുന്ന ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ, റഷ്യ ഉക്രെയ്നിനെതിരെ നാല് വർഷമായി നടത്തുന്ന ആക്രമണങ്ങളോട് സമാനമാണ്. ഈ സാഹചര്യത്തിലാണ് സൗദിയുമായി നമ്മുടെ വിദഗ്ധതയും സിസ്റ്റങ്ങളും പങ്കുവയ്ക്കുന്നതെന്നും സെലൻസ്കി അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ഈ പ്രഖ്യാപനം. സൗദി-റഷ്യ-ഇറാൻ ബന്ധം, ഇന്ധന വിപണിയിലെ സ്ഥിതി, ഊർജ്ജ സഹകരണം എന്നിവയും ഇരുവരും ചർച്ച ചെയ്തു.
36,000 ഡോളർ വരെയൊക്കെ വിലയുള്ള ഡ്രോണാക്രണം തടയാൻ പത്ത് ലക്ഷം മുതൽ നാൽപത് ലക്ഷം വരെ വിലയുള്ള പ്രതിരോധ മിസൈലുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. യുക്രൈന്റെ സാങ്കേതിക വിദ്യയിലുള്ള പ്രതിരോധ ഡ്രോണുകൾക്ക് നാലായിരം ഡോളർ മാത്രമാണ് ചെലവ്. പ്രതിരോധ ഡ്രോണുകളുടെ നിർമാണം, ഉപയോഗത്തിനുള്ള പരിശീലനം, നിലവിലെ പ്രതിരോധ സംവിധാനങ്ങളുമായി ഇവയെ ബന്ധിപ്പിക്കൽ എന്നീ സാങ്കേതിക വിദ്യകളും യുക്രൈൻ കൈമാറും. സൗദിക്ക് പുറമെ, മറ്റു ഗൾഫ് രാജ്യങ്ങളും യുക്രൈന നേരിട്ട് സമീപിച്ചിട്ടുണ്ട്. എന്നാൽ ഇത് നടപ്പാക്കി വരാൻ എത്ര സമയമെടുക്കുമെന്നതിൽ വ്യക്തതയില്ല.