ജിസിസി രാജ്യങ്ങൾക്കിടയിൽ സംയുക്ത ലോജിസ്റ്റിക് പ്രവർത്തനം: സംരംഭങ്ങൾ പ്രഖ്യാപിച്ച് സൗദി
പ്രഖ്യാപനം ജിസിസി ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ
റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുള്ള സംയുക്ത ലോജിസ്റ്റിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമായി സംരംഭ പാക്കേജ് പ്രഖ്യാപിച്ച് സൗദി. ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽജാസിറാണ് സംരംഭങ്ങൾ പ്രഖ്യാപിച്ചത്. ജിസിസി ഗതാഗത മന്ത്രിമാരുടെ അസാധാരണ വെർച്വൽ യോഗത്തിലാണ് സംരംഭങ്ങൾ പ്രഖ്യാപിച്ചത്. സൗദിയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ലോജിസ്റ്റിക്‌സ് സംയോജനം വർധിപ്പിക്കുക, വിതരണ ശൃംഖല ശാക്തീകരിക്കുക, ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
ദമ്മാം തുറമുഖത്തിൽ ജിസിസി സംഭരണ, പുനർവിതരണ മേഖല
ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് ജിസിസി സംഭരണ, പുനർവിതരണ മേഖല സംരംഭം സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽജാസിർ പ്രഖ്യാപിച്ചു. ഈ സംരംഭം കണ്ടെയ്‌നർ നീക്കം നിയന്ത്രിക്കുകയും ഓരോ ജിസിസി രാജ്യത്തിനും സോണുകൾ അനുവദിക്കുകയും ചെയ്യും. കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങൾക്കിടയിൽ സംഭരണ കാര്യക്ഷമതയും വിതരണ ശൃംഖലയുടെ മികവും സംരംഭം വർധിപ്പിക്കും.
അതേസമയം, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കയറ്റുമതി ചരക്കുകൾക്ക് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തിൽ 60 ദിവസം വരെ സ്റ്റോറേജ് ഫീസ് ഇളവ് നൽകുമെന്നും സാലിഹ് അൽജാസിർ പറഞ്ഞു. ഗതാഗതത്തിലും ലോജിസ്റ്റിക്‌സിലും കൂടുതൽ ഏകോപനവും സംയോജനവും ആവശ്യമായ ഘട്ടത്തിലാണ് യോഗം നടക്കുന്നതെന്ന് അൽ ജാസിർ പറഞ്ഞു. ജിസിസി രാജ്യങ്ങൾക്കായി തുറമുഖത്തിൽ പ്രത്യേക സംഭരണ വിതരണ മേഖലകൾ സ്ഥാപിക്കും. ഇത് ചരക്ക് നീക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും.
അതേസമയം, ചരക്കുകൾ കയറ്റിക്കൊണ്ടുപോകാനായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള റഫ്രിജറേറ്റഡ് ട്രക്കുകൾക്കും മറ്റ് ചരക്ക് വാഹനങ്ങൾക്കും ഒഴിഞ്ഞ നിലയിൽ സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും.