മക്ക മദീന അടക്കമുള്ള സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു
വിവിധ ഇടങ്ങളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
റിയാദ്: മക്ക മദീന അടക്കമുള്ള സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയെത്തുടർന്ന് വിവിധ ഇടങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു. വിവിധ ഇടങ്ങളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തബൂക്ക്, അൽ ജൗഫ്, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ എന്നീ ഇടങ്ങളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പുള്ളത്. ഈ ആഴ്ച അവസാനം വരെ മിതമായതോ ശക്തമായതോ ആയ മഴ തുടരുമെന്നാണ് അറിയിപ്പ്. ത്വാഇഫിലും, മദീനയിലെ വിവിധ ഇടങ്ങളിലും റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, അൽ ഖസീം, ഹാഇൽ ഹൈവേകളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കാൻ നിർദ്ദേശമുണ്ട്.
ഇന്നലെ സൗദിയിൽ ചുഴലിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കാലാവസ്ഥ ശാന്തമായതിനാൽ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. ആലിപ്പഴ വർഷം, ഉയർന്ന തിരമാലകൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവക്ക് നിലവിലും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ മൂടൽ മഞ്ഞുമുണ്ടാകും. മന്ത്രാലയത്തിന്റെ വിവിധ പ്ലാറ്റ്ഫോമുകൾ വഴി നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.