ജോർദാനിലേക്കും വടക്കൻ രാജ്യങ്ങളിലേക്കും ലോജിസ്റ്റിക് ഇടനാഴി; പുതിയ ചരക്ക് ട്രെയിൻ സർവീസ് ആരംഭിച്ച് സൗദി റെയിൽവേ
ഒരു ട്രെയിനിൽ 400 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും
റിയാദ്: സൗദി അറേബ്യയിലെ പ്രധാന തുറമുഖങ്ങളെ ജോർദാനുമായും മറ്റ് വടക്കൻ രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര ലോജിസ്റ്റിക് ഇടനാഴിക്ക് സൗദി റെയിൽവേ തുടക്കം കുറിച്ചു. കിഴക്കൻ പ്രവിശ്യയിലെ തുറമുഖങ്ങളെ അൽ ഹദീത അതിർത്തിയുമായി ബന്ധിപ്പിച്ചാണ് ഈ ചരക്ക് ട്രെയിൻ സർവീസ് നടപ്പിലാക്കുന്നത്.
ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖം, ജുബൈലിലെ കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്‌ഷ്യൽ പോർട്ട് എന്നിവയെ അൽ ഹദീത ലാൻഡ് പോർട്ടുമായി പാത നേരിട്ട് ബന്ധിപ്പിക്കുന്നു. 1,700 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഈ യാത്രക്ക് മറ്റ് റോഡ് മാർഗങ്ങളെ അപേക്ഷിച്ച് പകുതി സമയം മാത്രമേ ആവശ്യമുള്ളൂ. ഒരു ട്രെയിനിൽ 400 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വരെ കൊണ്ടുപോകാൻ സാധിക്കും. ഇതിലൂടെ ചരക്ക് നീക്കത്തിന്റെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാനാകും. ജോർദാനിലേക്കും വടക്കൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിക്ക് പാത വലിയ കരുത്താകും. രണ്ട് ദിശകളിലേക്കും സർവീസ് ലഭ്യമായതിനാൽ വിതരണ ശൃംഖല കൂടുതൽ ശക്തമാകും.