സന്ദർശക വിസക്കാർക്ക് ആശ്വാസം; ഏപ്രിൽ 18 വരെ സൗദിയിൽ തങ്ങാം
യുദ്ധ സാഹചര്യത്തിലാണ് തീരുമാനം
റിയാദ്: സൗദിയിൽ സന്ദർശക ഉംറ വിസ കാലാവധി കഴിയുന്നവർ ഏപ്രിൽ 18ന് മുന്നേ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയാൽ മതിയെന്ന് ആഭ്യന്തര മന്ത്രാലയം. ഫെബ്രുവരി 25 മുതൽ കാലാവധി അവസാനിക്കുന്ന എല്ലാവർക്കും ആനുകൂല്യം ലഭിക്കും. യുദ്ധ പശ്ചാത്തലത്തിൽ വിമാന സർവീസുകളിൽ പ്രതിസന്ധി വന്നതോടെയാണ് വിവിധ സന്ദർശക വിസക്കാരുടെ വിസകൾ നീട്ടി നൽകുന്നത്.
ഇന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: സൗദിയിലേക്ക് ട്രാൻസിറ്റ് വിസകളിലും ഉംറ വിസകളിലും വന്നവരുണ്ട്. അവർക്ക് ഏപ്രിൽ 18 വരെ സൗദിയിൽ തങ്ങാം. വിസകൾ ഫെബ്രുവരി 25നോ അതിന് ശേഷമോ കാലാവധി കഴിഞ്ഞവരാകണം. ഇവർ ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഏപ്രിൽ 18ന് മുന്നോടിയായി നേരെ വിമാനത്താവളത്തിൽ പോയാൽ മതി. പിഴയോ ഫീസുകളോ ഉണ്ടാകില്ല. സിംഗിൾ, മൾട്ടിപ്പ്ൾ സന്ദർശക വിസക്കാർക്കും ആനുകൂല്യമുണ്ട്. ഇവരുടെ വിസകൾ എല്ലാം ഫെബ്രുവരി 25 മുതൽ കാലാവധി തീർന്ന് തുടങ്ങിയവയാണെങ്കിൽ അവർക്കെല്ലാം ഏപ്രിൽ 18 വരെ കാലാവധിയുണ്ടാകും. എന്നു വെച്ചാൽ ഏപ്രിൽ മൂന്നിന് വിസ കാലാവധി കഴിയുന്നവർക്ക് പോലും ഏപ്രിൽ 18ന് മടങ്ങിയാൽ മതി. ഇതിനായി വിസ ദീർഘിപ്പിക്കാൻ തവാസുൽ വഴി അപേക്ഷിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലേക്കും വിമാന സർവീസുകളുണ്ടെങ്കിലും മറ്റു പല രാജ്യങ്ങളിലേക്കും വിമാന സർവീസ് റദ്ദായത് ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. വിസ കാലാവധി ഏപ്രിൽ 18 വരെ ലഭിക്കുമെങ്കിലും ഇതിന് മുന്നേ തന്നെ മടങ്ങുന്നതാകും ഉത്തമം. വിമാന സർവീസുകൾ പലതും റദ്ദാക്കുന്നത് പതിവുള്ളതിനാൽ അതു കൂടി കണക്കിലെടുത്ത് വേണം ടിക്കറ്റുകൾ ഉറപ്പാക്കാൻ. ഉംറ വിസക്കാർക്ക് സൗദിയിൽ തങ്ങാവുന്ന പരമാവധി കാലാവധി ഏപ്രിൽ 18 അർധരാത്രി വരെയാണ്. ഹജ്ജ് അടുത്ത സാഹചര്യത്തിലാണിത്. സന്ദർശക വിസക്കാർക്ക് ഈ കാലാവധി ബാധകമല്ല. അവർക്ക് വിസയിലെ കാലാവധി വരെ സൗദിയിൽ തങ്ങാം.