ഹജ്ജിന് അപേക്ഷിച്ചവർ മൂന്നാം ഗഡു ഈ മാസം 31നകം അടക്കണം
ഹജ്ജ് എംബാർകേഷൻ പോയിന്റുകൾക്കനുസരിച്ച് തുക വ്യത്യസ്തം
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ മൂന്നാം ഗഡു പണം ഈ മാസം 31നകം അടക്കണം. ഹജ്ജ് എംബാർകേഷൻ പോയിന്റുകൾക്കനുസരിച്ച് വ്യത്യസ്തമാണ് തുകകൾ. പുറപ്പെടൽ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് തുക അടക്കേണ്ടത്. കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് യാത്ര തിരിക്കുന്നവർക്ക് ഇത്തവണയും അധിക തുക നൽകേണ്ടി വരും. കൊച്ചി എംബാർകേഷൻ വഴി യാത്ര പുറപ്പെടുന്നവർ 69,450 രൂപയും, കണ്ണൂർ 74,600 രൂപ വീതവുമാണ് അടക്കേണ്ടത്. എന്നാൽ കരിപ്പൂർ വഴിയുള്ള തീർഥാടകർക്ക് 91,100 രൂപയാണ് മൂന്നാം ഗഡു നൽകേണ്ടത്. തുക മാർച്ച് 31നകം അടക്കണമെന്നാണ് നിർദേശം. നേരത്തെ രണ്ട് ഗഡുവായി അടച്ച 2,77,300 രൂപക്ക് പുറമെയാണ് മൂന്നാം ഗഡു. തുകയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇൻഷുറൻസ്, ഹജ്ജ് സുവിധ സ്മാർട്ട് വാച്ച്, സേവനങ്ങളും ഹജ്ജ് തുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബലികർമ്മത്തിന് ഓപ്റ്റ് ചെയ്തവർ 720 റിയാൽ, അതായത് 17,280 രൂപ കൂടി അധികം അടക്കണം. കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖകൾ വഴിയോ, ഓൺലൈനായോ പണമടക്കാം. സമയപരിധിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ വിമാന ബുക്കിങ് സ്ഥിരീകരിക്കാൻ കഴിയില്ലെന്നും കമ്മിറ്റി അറിയിച്ചു.