ഖൈസൂമക്ക് പുറമേ ദമ്മാമും; സൗദിയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്താൻ ജസീറ എയർവേയ്സ്
ദമ്മാമിൽ നിന്നുള്ള സർവീസ് നാളെ മുതൽ
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിൽ(DMM) നിന്നും സർവീസ് നടത്താൻ കുവൈത്തിലെ ജസീറ എയർവേയ്സ്. നിലവിൽ സൗദിയിലെ ഖൈസൂമ എയർപോർട്ടിൽ (AQI) നിന്ന് എയർലൈൻ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് ദമ്മാമിലെ കിങ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സർവീസ് നടത്തുന്നത്.
മാർച്ച് 26 മുതലാണ് ദമ്മാമിൽ നിന്നും സർവീസ് തുടങ്ങുന്നത്. ഇത് സീറ്റ്, കാർഗോ ശേഷി വർധിപ്പിക്കുകയും കുവൈത്തിലുള്ളവർക്ക് കൂടുതൽ സൗകര്യം നൽകുകയും ചെയ്യും. രണ്ട് വിമാനത്താവളങ്ങളിൽ നിന്നുള്ള പ്രവർത്തനം ജസീറ എയർവേയ്സിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കും. ഏപ്രിൽ 30 വരെ 20 ലധികം ലക്ഷ്യസ്ഥാനങ്ങൾ, 1,000 വിമാനങ്ങൾ, രണ്ട് ലക്ഷം സീറ്റുകൾ, 20 ലക്ഷം ടൺ കാർഗോ ശേഷി എന്നിവ സൃഷ്ടിക്കും.
ഖൈസൂമയിലേക്കും ദമ്മാമിലേക്കുമുള്ള എല്ലാ ഡിപ്പാർച്ചറും അറൈവലും മിഷ്റഫിലുള്ള കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട്സിലെ ഹാൾ നമ്പർ 8 ലെ ജസീറയുടെ താത്കാലിക ടെർമിനലിൽ തുടരും. ദമ്മാമിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള ബുക്കിങ് മാർച്ച് 25 ന് വൈകുന്നേരം ആറ് മണി മുതൽ ആരംഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ jazeeraairways.com അല്ലെങ്കിൽ ജസീറ ആപ്പ് സന്ദർശിക്കുക.