യുദ്ധഭീതി: സൗദിയിൽ വെയർഹൗസുകൾക്ക് വൻ ഡിമാൻഡ്
കമ്പനികൾ ഉത്പന്നങ്ങൾ സംഭരിച്ച് വയ്ക്കാൻ തുടങ്ങിയതോടെയാണ് ഡിമാൻറ് വർധിച്ചത്
ദമ്മാം: മിഡിൽ ഈസ്റ്റിലെ യുദ്ധസഹാചര്യത്തിൽ സൗദിയിൽ വെയർഹൗസുകൾക്ക് ആവശ്യകത വർധിച്ചു. കമ്പനികൾ ഉത്പന്നങ്ങൾ മുൻകൂട്ടി സംഭരിച്ച് വയ്ക്കാൻ തുടങ്ങിയതോടെയാണ് സ്റ്റോറേജ് ഏരിയകൾക്ക് ഡിമാൻറ് വർധിച്ചത്. മേഖലയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഗതാഗതവും വിതരണ ശൃംഖലയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് കമ്പനികളുടെ നീക്കം. യുദ്ധം നീണ്ടാൽ ചരക്ക് നീക്കം തടസ്സപ്പെടാനും ചിലവ് വർധിക്കാനുമുള്ള സാഹചര്യവും കമ്പനികളും വിതരണക്കാരും മുൻകൂട്ടിക്കാണുന്നു.
റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിലാണ് സ്റ്റോറേജ് സൗകര്യങ്ങൾക്ക് അവശ്യക്കാർ ഏറെയുള്ളതെന്ന് സപ്ലൈ ചെയിൻ കൺസൾട്ടന്റ് അബ്ദുൽ അസീസ് അൽ-ഹർബി പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങൾ, പെട്രോകെമിക്കൽസ്, റീട്ടെയിൽ, മാനുഫാക്ചറിങ് തുടങ്ങിയ പ്രധാന മേഖലകളിലെ കമ്പനികളാണ് സ്റ്റോക്ക് വർധിപ്പിക്കുന്നത്. മേഖലയിലെ അനിശ്ചിതത്വം തുടർന്നാൽ, വരും ദിവസങ്ങളിലും വെയർഹൗസുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു.